2012, നവംബർ 13, ചൊവ്വാഴ്ച

അസം പുനരധിവാസം: സുന്നിസംഘടനകള്‍ 1000 വീട് നിര്‍മ്മിച്ച് നല്‍കും

കോഴിക്കോട്: അസമിലെ വംശീയ കലാപത്തിനിരയായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്വത്തില്‍ 1000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച അസം റിലീഫ് സെല്ലിന്റെ കീഴില്‍ നേരത്തെ പ്രഖ്യാപിച്ച 20 കോടി രൂപയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മ്മിച്ച് നല്‍കുക. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണം, ആഹാരം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങള്‍, ബലിപെരുന്നാള്‍ വസ്ത്ര വിതരണം എന്നിവയ്ക്കായി ആദ്യ ഘട്ടത്തില്‍ 5 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒന്നേകാല്‍ ലക്ഷം രൂപ വില വരുന്ന 1000 വീടുകള്‍ പ്രാഥമികമായി നിര്‍മ്മിച്ചു നല്‍കും. ഇതിനായി 12.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബിസിനസ് ഗ്രൂപ്പുകള്‍, മഹല്ല് ജമാഅത്ത്, സംഘടനയുടെ പ്രാദേശിക ഘടകങ്ങള്‍, പ്രവാസി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് പദ്ധതി നിര്‍വ്വഹണത്തിനാവശ്യമായ ഫണ്ട് സ്പരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നോ, അതിലധികമോ വീടിന്റെ തുക ഒന്നിച്ചോ, ഭാഗികമായോ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് സൗകര്യമുണ്ടായിരിക്കും. അസമിലെ ദുബ്രി, കൊക്രജാര്‍, ചിരാംഗ് തുടങ്ങിയ ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ പരിധിയിലെ ഏകദേശം 20,000 പേരുടെ ഭവനങ്ങളാണ് അഗ്‌നിക്കിരയായിട്ടുള്ളത്.ക്യാമ്പുകളില്‍ ഭവനരഹിതരായി കഴിയുന്ന പതിനായിരക്കണക്കിന് സഹോദരങ്ങള്‍ക്ക് വലിയൊരാശ്വസമായി പദ്ധതി രൂപപ്പെടും. അസം റിലീഫ് സെല്ലിന്റെ ഗുവാഹത്തി സോണ്‍ ഓഫീസ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. മലപ്പുറത്ത് വെച്ച് ചേര്‍ന്ന അസം റിലീഫ് സെല്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ യോഗം ഭവന നിര്‍മ്മാണ പദ്ധതിരേഖ അംഗീകരിച്ചു. പദ്ധതിയുടെ ഭാഗമായി ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളാകാന്‍ താല്‍പര്യമുള്ളവരെ ലക്ഷ്യം വെച്ച് അസം സന്ദര്‍ശനത്തിനുള്ള സ്‌പെഷ്യല്‍ യാത്രാ പാക്കേജിന് യോഗം രൂപം നല്‍കി. രജിസ്‌ത്രേഷനും, ബുക്കിംഗിനും കോഴിക്കോട് സമസ്ത സെന്ററിലെ അസം റിലീഫ് സെല്‍ കൗണ്ടര്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ആര്‍.പി ഹുസൈന്‍, ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു. അസം സന്ദര്‍ശനത്തിന് ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 0495 2771536, 9745856195.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹസനിയ്യയിലെ അതിഥികള്‍