2013, ജനുവരി 2, ബുധനാഴ്‌ച

പുതു വര്‍ഷ തലേന്ന് കേരളത്തില്‍ വിറ്റ മദ്യത്തിന്റെ കണക്കെവിടെ ....?

ലേഖനം : ഹസീബ് പോത്തംകുളം
watch more photos Click here
   

രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്നതും ചരിത്രത്തില്‍ ഇടം പിടിക്കേണ്ടതുമായ ഒരു സമരം പുതുവര്‍ഷ പിറവിയുടെ തലേന്ന് സംസ്ഥാനത്ത് എസ്.എസ്.എഫ് നടത്തുകയുണ്ടായി. കേരളത്തില്‍ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സമരക്കാര്‍ സംസ്ഥാന വ്യാപകമായി ബിവറേജസ് കോര്‍പറേഷന്റെ മദ്യ വിതരണ ശാലകള്‍ ഉപരോധിക്കുകയും മദ്യത്തിനെതിരെ മണിക്കൂറുകളോളം പ്രസംഗിക്കുകയും ചെയ്തു. ഇതു മൂലം പലയിടത്തും മദ്യ ശാലകള്‍ തുറക്കാന്‍ സാധിക്കാതിരിക്കുകയും മദ്യപന്മാര്‍ക്ക് മദ്യം വാങ്ങാന്‍ കഴിയാതെ തിരിച്ച് പോകേണ്ടിയും വന്നു. പുതുവര്‍ഷാഘോഷം മദ്യത്തില്‍ മുങ്ങിക്കുളിച്ച് അടിച്ച് പൊളിക്കാന്‍ വിചാരിച്ചവര്‍ക്ക് അപ്രതീക്ഷിതമായുണ്ടായ ഒരു പ്രഹരമായിരുന്നു എസ്.എസ്.എഫിന്റെ സമരം. മദ്യ വില്‍പനയിലൂടെ ഖജനാവിലേക്ക് പണത്തിന്റെ ഒഴുക്ക് പ്രതീക്ഷിച്ചിരുന്ന സര്‍ക്കാരിനും സമരം ഓര്‍ക്കാപുറത്ത് കിട്ടിയ അടിയായി.

SYS മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ മദ്യ ത്തിനെതിരെ നടത്തിയ സമരങ്ങളില്‍ നിന്ന്
   മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനം പുതുവര്‍ഷാഘോഷത്തിന്റെ പേരില്‍ കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്ക് പിറ്റേന്ന് പത്രങ്ങളിലൂടെ സര്‍ക്കാര്‍ വിളംബരപ്പെടുത്തുമായിരുന്നു. എന്നാല്‍ ഇക്കുറി ആ കണക്ക് പുറത്തറിയിക്കാത്തത് വില്‍പന മുന്‍ വര്‍ഷങ്ങളെക്കാള്‍ കുറഞ്ഞത് കൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എസ്.എസ്.എഫിന്റെ സമരം മൂലമാണ് വില്‍പന കുറഞ്ഞതെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന് നാണക്കേടാവും എന്നും വിചാരിച്ച് കാണും. സമരം മുന്നില്‍കണ്ട് ഇനി പിന്‍വാതില്‍ കച്ചവടംവല്ലതും നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ കണക്കുകിട്ടാന്‍ വരുന്ന കാലതാമസം മൂലമാകുമോ മദ്യവില്‍പനയുടെ യഥാര്‍ത്ഥകണക്ക് പുറത്തുവരുന്നതിന് തടസ്സമായതെന്ന് സംശയിക്കുന്നവരുമുണ്ട്. എന്ത് തന്നെയായാലും എസ്.എസ്.എഫിന്റെ സമരം മദ്യവില്‍പനയെ സാരമായി ബാധിച്ചിട്ടുണ്ടെന്നത് സത്യം.

  കേരളം മദ്യപാനത്തിലൂടെയും വളരണം എന്നതാണല്ലോ സര്‍ക്കാരുകളുടെ ലക്ഷ്യം. മദ്യം വിഷമാണെന്നും അത് ആരോഗ്യത്തിന് ഹാനികരവുമാണെന്നും മദ്യക്കുപ്പികളില്‍ രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമുള്ള കേരളത്തില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിക്കുന്നത് എന്നത് വിരോധാഭാസമാണ്.

   മദ്യത്തെ സംബന്ധിച്ച് ഇരട്ടത്താപ്പ് നയമാണ് കേരളം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണി സര്‍ക്കാറുകള്‍ എല്ലാ കാലത്തും കൈക്കൊണ്ടിരുന്നത്. അതു തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഒരു ഭാഗത്ത് സര്‍ക്കാര്‍ തന്നെ മദ്യം വില്‍ക്കുകയും മറ്റൊരു ഭാഗത്ത് പരസ്യമായി മദ്യം കുടിച്ചു എന്നതിന്റെ പേരില്‍ കേസെടുക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ മദ്യ വില്‍പനയിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന വരുമാനമാണ് ഏറ്റവും വലിയ വരുമാനം. പുതുവര്‍ഷം അടിച്ചു പൊളിക്കാന്‍ ഒരുങ്ങി നിന്നവരുടെ മുഖത്തടിച്ച പ്രതീതിയായിരുന്നു എസ്.എസ്്.എഫിന്റെ സമരം മൂലം മദ്യശാലകള്‍ തുറക്കാന്‍ കഴിയാത്തതിലൂടെ ഉണ്ടായത്.

 രാജ്യത്ത് നടക്കുന്ന സ്ത്രീ പീഡനം ഉള്‍പെടെയുള്ള എല്ലാ അതിക്രമങ്ങള്‍ക്കും കാരണം മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും വര്‍ധിച്ചു വരുന്ന ഉപയോഗമാണെന്ന് കണ്ടെത്താന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഡല്‍ഹിയില്‍ ബസില്‍ പീഡനത്തെതുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം അടക്കം പരിശോധിച്ചാല്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്നത് മദ്യവും മയക്കു മരുന്നുമാണ്. മദ്യവും മയക്കു മരുന്നും അകത്ത് ചെന്നാല്‍ മകളെയും സഹോദരിയെയും മാതാവിനെയും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണ് പുതിയ തലമുറ വളര്‍ന്നു വരുന്നത്. ഈ സാഹചര്യത്തിലാണ് എസ്.എസ്.എഫ്. പോലെയുള്ള ആദര്‍ശ സംഘടന മാതൃകാപരമായ സമരത്തിലൂടെ സമൂഹ ശ്രദ്ധ ആകര്‍ഷിച്ചത്. എങ്കിലും നമ്മുടെ മാധ്യമങ്ങളൊന്നും സവിശേഷ ശ്രദ്ധ പതിയേണ്ട ഈ പ്രക്ഷോഭത്തെ വേണ്ട രീതിയില്‍ കാണാനോ, പ്രാധാന്യത്തോടെ അവതരിപ്പിക്കാനോ തയ്യാറായില്ല.

  ഉടുതുണിയില്ലാതെ കൊച്ചി നഗരത്തിലൂടെ ഒരാള്‍ ഓടിയപ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് അതൊരു വലിയ വാര്‍ത്തയായിരുന്നു. ആ വാര്‍ത്താ റിപോര്‍ട്ട് ചെയ്തവര്‍ക്ക് എസ്.എസ്.എഫിന്റെ സമരം മൂലം സംസ്ഥാനത്ത് പുതുവര്‍ഷത്തലേന്ന് മദ്യ ശാലകള്‍ തുറക്കാന്‍ കഴിയാത്ത സംഭവം കാണാനായില്ല. എസ്.എസ്.എഫിനെ സംബന്ധിച്ച് മദ്യത്തിനെതിരെയുള്ള സമരം ഇതാദ്യമല്ല. ഇതിനുമുമ്പും അവര്‍ സമൂഹ ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പാന്‍ മസാലകള്‍ക്കും ലോട്ടറികള്‍ക്കും എതിരെയും എസ്.എസ്.എഫ് സമരം ചെയ്തിട്ടുണ്ട്. സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് മദ്യ ശാലകള്‍ ഉപരോധിച്ചതെന്ന് അവര്‍ പറയുന്നു. ഇനിയും തങ്ങള്‍ സമര പാതയില്‍ ഏറെ മുന്നേറുമെന്നാണ് ആ പറഞ്ഞതിന്റെ അര്‍ത്ഥം.

  മദ്യശാല ഉപരോധത്തെതുടര്‍ന്ന് പുതുവര്‍ഷ മദ്യ വില്‍പനയില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്ന പൊന്നാനി, തിരൂര്‍ ബീവറേജ് ഔട്ട് ലറ്റുകള്‍ അടച്ചിടുകയും, മഞ്ചേരി, കുന്ദമംഗലം, കണ്ണൂര്‍ തുടങ്ങിയ കേരളത്തിലെ 12 ഓളം കേന്ദ്രങ്ങളില്‍ മദ്യ വില്‍പന തടസപ്പെടുകയും ചെയ്തു. നിരവധി കുടിയന്മാര്‍ക്ക് ഇക്കൊല്ലം മദ്യമില്ലാതെയാണ് പുതുവര്‍ഷം ആഘോഷിക്കേണ്ടി വന്നത്. മദ്യപരുടെ അമര്‍ഷവും ശാപ വചനങ്ങളും എസ്.എസ്.എഫുകാര്‍ക്കു നേരെ ഉയര്‍ന്നെങ്കിലും സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് തങ്ങള്‍ സമരം ചെയ്തത് എന്ന് കരുതി അവര്‍ക്ക് ആശ്വാസം കണ്ടെത്താവുന്നതാണ്.

  എസ്.എസ്.എഫിന്റെ ഈ സമര രീതി മറ്റ് സംഘടനകളും പിന്തുടര്‍ന്ന് രംഗത്തു വരികയാണെങ്കില്‍ കേരളത്തില്‍ നിന്ന് മദ്യത്തെ കെട്ടുകെട്ടിക്കാന്‍ അധികകാലം വേണ്ടി വരില്ല. മദ്യം ഉണ്ടാക്കരുത്, വില്‍ക്കരുത്, കുടിക്കരുത് എന്ന് ഉദ്‌ഘോഷിച്ച ശ്രീനാരായണ ഗുരുദേവന്റെ നാടു കൂടിയാണ് നമ്മുടെ കേരളമെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

1 അഭിപ്രായം:

  1. madyatthinum mayakku marunninu adimakalaavaattha oru puthiya yuvatha ivide janmam kollatte...
    ee samaratthiloode raajyatthinu maathrikayaaya SSF kaarkku abhinanthanangal.

    മറുപടിഇല്ലാതാക്കൂ

ഹസനിയ്യയിലെ അതിഥികള്‍