2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

വെയ്ന്‍ പാര്‍നല്‍ ഇസ്‌ലാം മതം സ്വീകരിച്ചു.


ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ വെയ്ന്‍ പാര്‍നല്‍ ഇസ്‌ലാം മതം സ്വീകരിച്ചു. ഏറെക്കാലത്തെ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം മതംമാറിയ പാര്‍നല്‍ ഇന്ന് 22ാം പിറന്നാള്‍ മുസ്‌ലിം എന്ന നിലയില്‍ ആഘോഷിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരിയില്‍തന്നെ ഇസ്‌ലാം ആശ്ലേഷിച്ചിരുന്നെന്ന് വെളിപ്പെടുത്തിയ പാര്‍നല്‍, ‘നവജാത പുത്രന്‍’ എന്നര്‍ഥം വരുന്ന വലീദ് എന്ന് പേരു മാറ്റാനുള്ള ആലോചനയിലാണ്.

‘മുസ്‌ലിം പേര് സ്വീകരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വലീദ് എന്ന പേര് പരിഗണനയിലുണ്ട്. ഇപ്പോള്‍ വെയ്ന്‍ ഡിലോണ്‍ പാര്‍നല്‍ എന്ന പേരുതന്നെയാണ്. സസക്‌സിനുവേണ്ടിയുള്ള മത്സരങ്ങളിലാണിപ്പോള്‍ എന്റെ ശ്രദ്ധ. ജീവിതത്തില്‍ ആദ്യമായെത്തുന്ന റമദാന്‍ വ്രതത്തിനുള്ള ഒരുക്കങ്ങളിലാണു ഞാന്‍. ചെറുപ്പക്കാരനും പ്രഫഷനല്‍ ക്രിക്കറ്ററുമായ എന്റെ വ്യക്തി ജീവിതം പൊതുജനം ശ്രദ്ധിക്കുമെങ്കിലും മതംമാറ്റം സ്വകാര്യമായി പരിഗണിക്കപ്പെടാനാണിഷ്ടം.’- പോര്‍ട്ട് എലിസബത്തുകാരനായ പാര്‍നല്‍ പറഞ്ഞു.

പാര്‍നലിന്റെ മതം മാറ്റത്തെ ടീമിലെ മറ്റു മുസ്‌ലിം കളിക്കാരായ ഹാഷിം ആംലയും ഇമ്രാന്‍ താഹിറും സ്വാധീനിച്ചിട്ടില്ലെന്ന് ടീം മാനേജര്‍ മുഹമ്മദ് മൂസജി പറഞ്ഞു. മുസ്‌ലിമാവാന്‍ വെയ്ന്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തീരുമാനിച്ചിരുന്നു. അവന്‍േറതു മാത്രമായ തീരുമാനമാണിത്. പേരു മാറുന്നതിനെക്കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നും മൂസജി പറഞ്ഞു.

മതം മാറ്റത്തെ ഏറെ ഗൗരവത്തോടെയാണ് പാര്‍നല്‍ സമീപിച്ചതെന്ന് പേരു വെളിപ്പെടുത്തരുതെന്നറിയിച്ച ചില സഹകളിക്കാര്‍ വ്യക്തമാക്കി. മദ്യം പൂര്‍ണമായും വര്‍ജിച്ച താരത്തില്‍ ഇക്കഴിഞ്ഞ ഐ.പിഎല്ലിനു ശേഷമാണ് കൂടുതല്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്. പാര്‍നലിന്റെ മതം മാറ്റത്തില്‍ ആംലക്ക് പങ്കൊന്നുമില്ല. ആംല തന്റെ മതം സ്വീകരിക്കാന്‍ ടീമിലെ മറ്റാരോടും പറഞ്ഞിട്ടില്ല. തന്റെ വിശ്വാസപ്രമാണങ്ങളോട് ആംലക്കുള്ള അടിയുറച്ച പ്രതിപത്തി സഹതാരങ്ങളുടെ ആദരവ് പിടിച്ചുപറ്റിയിട്ടേയുള്ളൂ. മദ്യക്കമ്പനിയുടെ പരസ്യം പതിച്ച ജഴ്‌സി ധരിക്കാന്‍ വിസമ്മതിച്ച ആംല പര്യടനങ്ങളില്‍പോലും നമസ്‌കാരം മുടക്കാറില്ലെന്നും സഹതാരങ്ങള്‍ പറഞ്ഞു.

2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിച്ചാണ് പാര്‍നല്‍ വരവറിയിച്ചത്. 2009ല്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അരങ്ങേറ്റം കുറിച്ചു. കുത്തഴിഞ്ഞ ജീവിതശൈലി തുടക്കത്തില്‍ ഏറെ വിമര്‍ശം ക്ഷണിച്ചുവരുത്തിയിരുന്നു. പ്രവിശ്യാ ടീമായ വാരിയേഴ്‌സ് 2009 ഒക്‌ടോബറില്‍ പാര്‍നലിനെ പുറത്താക്കിയത് പോര്‍ട്ട് എലിസബത്തിലെ ഒരു നൈറ്റ്ക്ലബില്‍ പുലര്‍ച്ചെയുണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ടായിരുന്നു.

1 അഭിപ്രായം:

ഹസനിയ്യയിലെ അതിഥികള്‍