2015, ജൂലൈ 28, ചൊവ്വാഴ്ച

സുന്നി പ്രസ്ഥാനം പ്രമാണിമാരെ ഇരുത്തിയതെങ്ങനെ?

 പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍

1954 ഫെബ്രുവരിയില്‍ എസ് വൈ എസ് സ്ഥാപിതമായ അതേവര്‍ഷത്തില്‍ തന്നെയാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ട് തന്നെ സംഘടനയുടെ തുടക്കകാല സാഹസങ്ങളെ കുറിച്ച് വായിച്ചും പറഞ്ഞും കേട്ട അനുഭവങ്ങളാണ് എനിക്കുള്ളത്. എല്ലാവരും സംഘടനകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന പ്രായമായപ്പോഴും ഞാന്‍ എവിടെയും ഉണ്ടായിരുന്നില്ല. 1973ല്‍ എസ് എസ് എഫ് രൂപം കൊണ്ടിരുന്നെങ്കിലും ഞാന്‍ അതുമായി ബന്ധപ്പെട്ടും എവിടെയും പ്രവര്‍ത്തിച്ചിരുന്നില്ല. വിയോജിപ്പുണ്ടായത് കൊണ്ടല്ല ഇത്. കോട്ടൂര്‍ ഉസ്താദിന്റെ അടുത്ത് മുഴുവന്‍ ശ്രദ്ധയും പഠനത്തില്‍ കൊടുക്കുകയും ശേഷം അധ്യാപനത്തിലേക്ക് പ്രവേശിക്കുകയും ചെയ്തതോടെ പരിപൂര്‍ണമായും ഞാനതിലായിപ്പോയി.

അല്‍പ്പം വൈകി എന്നര്‍ത്ഥം. എം എം ബശീര്‍ മുസ്‌ലിയാരാണ് എനിക്ക് സംഘടനയിലേക്കുള്ള ഒരു നിമിത്തമുണ്ടാക്കുന്നത്. 1981ല്‍ ഞാന്‍ തലക്കടത്തൂരില്‍ ദര്‍സു നടത്തുന്ന കാലത്ത്. തിരൂര്‍ താഴെപാലത്ത് സുന്നീ മഹല്ല് ഫെഡറേഷന്റെ ഒരു കണ്‍വെന്‍ഷന്‍ നടക്കുന്നു. തലക്കടുത്തൂരിലെ കുഞ്ഞുട്ടി ഹാജി അങ്ങോട്ട് പോകാനിറങ്ങിയപ്പോള്‍ എന്നെയും കൂട്ടി. കണ്‍വെന്‍ഷന്റെ ലക്ഷ്യമോ പ്രാധാന്യമോ ഒന്നുമറിയാതെ ഞാന്‍ വെറുതെ കൂടെ കൂടിയതാണ്. ചെന്നുനോക്കുമ്പോള്‍ നിര്‍ജ്ജീവമായി കിടക്കുന്ന മഹല്ല് ഫെഡറേഷന്റെ ചെറിയമുണ്ടം പഞ്ചായത്ത് കമ്മിറ്റി പുനരുജ്ജീവിപ്പിക്കാനും പുനഃസംഘടിപ്പിക്കാനും വേണ്ടി വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷനാണ്. മീറ്റിംഗില്‍ പുതിയ കമ്മിറ്റിയുടെ പാനല്‍ വായിച്ചപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ ഞാന്‍ പ്രസിഡന്റായി. അതായിരുന്നു സംഘടനാ രംഗത്തെ തുടക്കം. ബശീര്‍ മുസ്‌ലിയാരെ അന്നാണ് പരിചയപ്പെടുന്നത്. അദ്ദേഹമാണ് ഈ ഭാരവാഹിത്വം എല്‍പ്പിക്കുന്നതിനു പിന്നിലെ നീക്കങ്ങളെല്ലാം നടത്തിയത്.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വൈലത്തൂരില്‍ മഹല്ല് ഫെഡറേഷന്റെ ഒരു യോഗത്തിനു ഞാന്‍ പോയി. അവിടെ വെച്ചു ബശീര്‍ മുസ്‌ലിയാരെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഖാദര്‍ മുസ്‌ലിയാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, നിങ്ങളെ സമസ്തയുടെ ജില്ലാ ജംഇയ്യത്തുല്‍ഉലമയില്‍ എടുത്തിട്ടുണ്ട്’. എന്നിട്ടദ്ദേഹം എന്നെ പട്ടിക്കാട്ട് നടക്കുന്ന ജില്ലാ മുശാവറയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തു. കോട്ടുമല ഉസ്താദാണ് അന്ന് സമസ്തയുടെ ജില്ലാ പ്രസിഡന്റ്. അങ്ങനെ എസ് വൈ എസില്‍ യൂനിറ്റ് തലത്തില്‍ പോലും പ്രവര്‍ത്തിക്കുന്നതിന് മുമ്പ് ഞാന്‍ സമസ്തയിലെത്തി.
1984-85 കാലത്ത് എസ് വൈ എസ് ജില്ലാ കമ്മിറ്റിയില്‍ അംഗമായി. അതിനു പിന്നിലും ബശീര്‍ മുസ്‌ലിയാര്‍ തന്നെയാണ് ഉണ്ടായിരുന്നത്. അധികം വൈകാതെ എസ് വൈ എസിന്റെ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഉമറലി ശിഹാബ് തങ്ങളാണ് അന്ന് ജില്ലാ പ്രസിഡന്റ്. മുസ്ത്വഫല്‍ ഫൈസി ജനറല്‍ സെക്രട്ടറിയും. അങ്ങനെയാണ് ദര്‍സുമായി ഒതുങ്ങിക്കൂടിയിരുന്ന ഞാന്‍ സംഘടനയില്‍ സജീവമായിത്തുടങ്ങിയത്.
എന്നാല്‍, പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ തന്നെ വാക്കിലും പ്രവര്‍ത്തിയിലും ആലോചനയിലുമൊക്കെ ഒട്ടും സുഖകരമല്ലാത്ത ചില പ്രവണതകള്‍ പലരില്‍ നിന്നും പ്രകടമായി തുടങ്ങി. കോഴിക്കോട്ടുകാരോട് ഒരു അസഹിഷ്ണുതയും അകല്‍ച്ചയും എല്ലായ്‌പ്പോഴും ദൃശ്യമായിരുന്നു. പ്രത്യേകിച്ച് ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ കെ ഹസന്‍ മുസ്‌ലിയാര്‍, എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരോടായിരുന്നു ഈ അസൂയ കാര്യമായുണ്ടായിരുന്നത്. ലീഗിന്റെ അപ്രമാദിത്വം വകവെച്ചുകൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല എന്നത് തന്നെയാണ് ഇതിന് കാരണം.
ഒരിക്കല്‍ മലപ്പുറം ജില്ലയിലെ സുന്നി സംഘടനകളുടെ ഒരു സംയുക്ത മീറ്റിംഗ് വിളിച്ചു ചേര്‍ത്തു ചെമ്മാട്ട്. പണ്ഡിതന്‍മാരും ഉമറാക്കളും അടക്കം നിരവധി ആളുകള്‍ വന്നുചേര്‍ന്നിട്ടുണ്ട്. ഒരു പണ്ഡിതന്‍ എഴുന്നേറ്റ് നിന്നു പ്രസംഗിക്കാന്‍ തുടങ്ങി: ‘എ പി മര്‍കസ് തുടങ്ങീട്ടുണ്ട്. ഇനി നമ്മുടെ കുട്ടികളെ ചേര്‍ത്ത് പഠിപ്പിക്കണമെങ്കില്‍ അവരുടെ കാലുപിടിക്കാന്‍ പോവേണ്ടി വരും. അതുകൊണ്ട് നമുക്ക് മലപ്പുറത്ത് ഒരു സ്ഥാപനം തുടങ്ങണം.’ ഈ വാക്കുകള്‍ ഒരു സാമാന്യ മനസ്സിന് നല്‍കുന്ന സന്ദേശം എന്തായിരിക്കുമെന്ന് ഞാനിവിടെ പറയുന്നില്ല. അപ്പോള്‍ ഊരകത്തുകാരനായ ഒരു പ്രമാണി എഴുന്നേറ്റു പറഞ്ഞു: ‘നിങ്ങള്‍ മുന്നില്‍ നിന്ന് നയിച്ചാല്‍ നമുക്ക് എ പിയെയും കൂട്ടരെയും പരാജയപ്പെടുത്താന്‍ ഒരു പണിയുമുണ്ടാവില്ല.’ അപ്പോള്‍ ‘നിങ്ങള്‍ ഉണ്ടാകുമെങ്കില്‍ ഞങ്ങള്‍ മുന്നില്‍ നില്‍ക്കാം’ എന്നായിരുന്നു വേദിയില്‍ നിന്നുള്ള പ്രതികരണം. അങ്ങനെ ഒരു സ്ഥാപനത്തിന് നമുക്കിവിടെയും തറക്കല്ലിടാം എന്ന തീരുമാനത്തിലേക്കെത്തി. അങ്ങനെയാണ് വളാഞ്ചേരിക്കടുത്ത് കാര്‍ത്തല മര്‍കസ് തുടക്കം കുറിക്കുന്നത്.
ഈ രൂപത്തിലുള്ള അനുഭവങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. എല്ലാത്തിനും പിന്നില്‍ ചില മുസ്‌ലിംലീഗ് നേതാക്കളാണ്. എന്നാല്‍ ശംസുല്‍ഉലമയുടെ അടുത്ത് അതൊന്നും ഏശിയില്ല. അദ്ദേഹത്തിന്റെ ഭാഷയില്‍ ‘മൊല്ലാക്കമാര്‍’ പരിഗണന പോലും അര്‍ഹിക്കുന്നില്ല. ആദ്ദേഹം ആ കലപിലകളെ ശ്രദ്ധിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാതെ, രാഷ്ട്രീയക്കാര്‍ക്ക് പിടികൊടുക്കാതെ സമസ്തയുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് നീങ്ങി. എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഇതിനൊരു പരിഹാരം കാണാന്‍ ഞാന്‍ സി എച്ച് ഹൈദ്രോസ് മുസ്‌ലിയാരെ കണ്ടു കാര്യം പറഞ്ഞു. എന്നാല്‍ ‘അത് കോഴിക്കോട്- മലപ്പുറം പ്രശ്‌നമാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല’ എന്ന മട്ടില്‍ അദ്ദേഹം ഒഴിഞ്ഞുമാറി.
‘മലപ്പുറം ലോബി’യുടെ രാഷ്ട്രീയ വിധേയത്വത്തോട് എതിര്‍പ്പുള്ളവരായിരുന്നു മലപ്പുറത്തെ പുതിയ തലമുറയിലെ മഹാഭൂരിപക്ഷവും. മുസ്ത്വഫല്‍ ഫൈസി, റഹ്മാന്‍ ഫൈസി, പി കെ അബ്ദുമുസ്‌ലിയാര്‍ തുടങ്ങിയ യുവാക്കളുടെ ഒരു തലമുറ ഈ രാഷ്ട്രീയാതിപ്രസരത്തെ ശക്തമായി തന്നെ നേരിട്ടു. മുസ്ത്വഫല്‍ ഫൈസി എസ് വൈ എസിന്റെ ജില്ലാ സെക്രട്ടറിയായതിനാല്‍ അദ്ദേഹത്തിന് ഇ കെയുടെയും എ പി ഉസ്താദിന്റെയും ഉദ്ദേശ്യശുദ്ധി അറിയാമായിരുന്നു. ‘അല്‍മുബാറക്’ മുന്നില്‍ വെച്ച് ഈ രാഷ്ട്രീയ ബാന്ധവത്തിനെതിരെ അദ്ദേഹം ശക്തമായ വിമര്‍ശനം തന്നെ എഴുതിവിട്ടു. ജനങ്ങള്‍ അതിന്റെ ലക്കങ്ങള്‍ക്ക് വേണ്ടി അക്ഷമരായി കാത്തിരുന്നു. അതിന്റെ എഡിറ്റോറിയലുകള്‍ ‘മലപ്പുറം ലോബി’ എന്നറിയപ്പെടുന്നവരെ വല്ലാതെ പ്രതിരോധത്തിലാക്കി. ചില ലക്കങ്ങളിലെ തലക്കെട്ടുകള്‍ പോലും വലിയ മൂര്‍ച്ചയുള്ളതായിരുന്നു. ‘ചേറൂര്‍ പട’ ഒരു തലക്കെട്ടാണ്. മറ്റൊരിക്കല്‍ ‘ഉസ്താദുമാര്‍ ശറഹുല്‍അഖാഇദ് ഒരാവര്‍ത്തി കൂടി നോക്കട്ടെ’ എന്നായിരുന്നു ഹെഡ്ഡിംഗ്. ബിദഇകള്‍ക്ക് സലാം പറയാം എന്ന മലപ്പുറം ലോബിയിലെ ചിലരുടെ നിലപാടിനെ കശക്കിയെറിയുകയായിരുന്നു ലക്ഷ്യം.
എല്ലാം അറിയാമെങ്കിലും ഞാന്‍ പ്രത്യക്ഷത്തില്‍ ആരോടും അടുപ്പം കാണിച്ചില്ല. എന്നാല്‍ ഫൈസിമാരുടേതാണ് ശരി എന്നു ബോധ്യമുള്ളത് കൊണ്ടും പ്രായത്തില്‍ നന്നേ ചെറുപ്പമായതിനാലും മാനസികമായി അവരോടാണ് ആഭിമുഖ്യമുണ്ടായിരുന്നത്. മുശാവറക്ക് പോകുമ്പോള്‍ മുസ്ത്വഫല്‍ ഫൈസിയുടെ കാറില്‍ ഒരുമിച്ചാണ് പോകാറുള്ളത്. ഒരു മീറ്റിംഗുള്ള ദിവസം, കോഴിക്കോട്ട് ഫൈസീസ് അസോസിയേഷന്റെ ഒരു യോഗം ഉണ്ടായതിനാല്‍ ഫൈസിമാര്‍ വന്നില്ല. അന്നു ഞാന്‍ തനിച്ചാണ് പോയത്. അപ്പോള്‍ കോട്ടുമല ഉസ്താദ് ചോദിച്ചു: ‘നിങ്ങളുടെ ഫൈസികള്‍ ഒക്കെ എവിടെ?’ ഞാന്‍ ഫൈസീസ് അസോസിയേഷന്റെ മീറ്റിംഗിനെ കുറിച്ച് പറഞ്ഞു. അപ്പോള്‍ അദ്ദേഹം അല്‍പ്പം ക്ഷുഭിതനായി.
എനിക്ക് വിഷമം തോന്നി. പ്രശ്‌നം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യണം എന്നു കരുതി, പിന്നീട് മുസ്ത്വഫല്‍ ഫൈസിയെ കണ്ടു. കാര്യങ്ങളെല്ലാം പറഞ്ഞ ശേഷം ഞാന്‍ ഉണര്‍ത്തി: ‘നമുക്കിതൊന്ന് രമ്യതയിലെത്തിക്കണം’. എന്നാല്‍ മുസ്ത്വഫല്‍ ഫൈസിയുടെ പ്രതികരണത്തില്‍ ഞാന്‍ നിസ്സഹായനായി.
ആയിടക്കാണ് സമസ്തയുടെ അറുപതാം വാര്‍ഷിക സമ്മേളനം തീരുമാനിക്കപ്പെടുന്നത്. രാഷ്ട്രീയക്കാരുടെ ഇംഗിതം വകവെച്ചുകൊടുക്കാതെ കണ്ണിയത്ത് ഉസ്താദ് പ്രസിഡന്റും ശംസുല്‍ഉലമ ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റി ഏറെ മുന്നോട്ടുപോയ ഘട്ടമാണ്. വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയുമായി താജുല്‍ഉലമയും എ പി ഉസ്താദും. ഇവരും ഇതേനിലപാട് ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്നവര്‍ തന്നെ. എസ് വൈ എസ് ആവട്ടെ, ഇ കെ ഹസന്‍ മുസ്‌ലിയാര്‍ പ്രസിഡന്റും എ പി ഉസ്താദ് ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിക്ക് കീഴിലും. ഈ ഘട്ടത്തില്‍ സമ്മേളനം നടന്നാല്‍ അതോടെ തങ്ങളുടെ എല്ലാ അടിവേരും ഇളകുമെന്ന് ചില ലീഗ് നേതാക്കള്‍ മനസ്സിലാക്കി. അതിനാല്‍ സമ്മേളനം മുടങ്ങുകയോ അവര്‍ പറയുന്ന രൂപത്തില്‍ നടക്കുകയോ ചെയ്യേണ്ടത് അവരുടെ ആവശ്യമായിരുന്നു. അതിന് അവര്‍ തയാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് നല്ലൊരു കളി നടന്നു, മലപ്പുറം ജില്ലാ ജംഇയ്യത്തുല്‍ഉലമയില്‍. സമസ്തയുടെ അറുപതാം വാര്‍ഷിക സമ്മേളനവുമായി ജില്ലാ ജംഇയ്യത്തുല്‍ഉലമ സഹകരിക്കണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്യാന്‍ കോട്ടക്കല്‍ എ എം ഓഡിറ്റോറിയത്തില്‍ മീറ്റിംഗ് വിളിച്ചു. അല്‍മുബാറകിന്റെ ചില ലക്കങ്ങളുമായാണ് കെ കെ ഹസ്രത്തും ബശീര്‍ മുസ്‌ലിയാരും എല്ലാം മീറ്റിംഗിന് വന്നത്. അതിലെ പരാമര്‍ശങ്ങള്‍ വായിച്ച് വികാരാധീനരായാണ് അവര്‍ പ്രസംഗിച്ചത്. അല്‍മുബാറകിന്റെ ആളുകളുമായി സഹകരിക്കുന്നവരാണ് സമസ്തയുടെ സംസ്ഥാന നേതാക്കള്‍. അതിനാല്‍ സമ്മേളനവുമായി സഹകരിക്കാന്‍ പാടില്ല എന്ന രൂപത്തിലാണ് പ്രസംഗങ്ങളെല്ലാം പോയത്. സമ്മേളനം ബഹിഷ്‌കരിക്കാം എന്നായിരുന്നു പൊതുവികാരം. എതിരഭിപ്രായമുള്ള ഞാന്‍ ഒന്നും മിണ്ടിയില്ല. കാരണം രംഗം വഷളാകും. വളരെ ചെറുപ്പമായ ഞാന്‍ ഒറ്റപ്പെട്ടു പോകുകയും ചെയ്യും. എന്നെപ്പോലെ നിലപാടെടുത്ത വേറെയും ചിലര്‍ ആ സദസ്സിലുണ്ടായിരുന്നു. എന്നാല്‍ കോട്ടുമല ഉസ്താദ് പറഞ്ഞു: ‘ഇത് നമുക്കിടയിലെ ചില പ്രശ്‌നങ്ങളല്ലേ? സമ്മേളനം സംസ്ഥാനത്താകെ പ്രചാരണം ചെയ്തുള്ള പ്രധാനപ്പെട്ട ഒരു പരിപാടിയല്ലേ? അതുകൊണ്ട് പങ്കെടുക്കില്ല എന്ന തീരുമാനം എടുക്കാതിരിക്കലാണ് നല്ലത്’. ആ മീറ്റിംഗ് പൂര്‍ണമായ ഒരു തീരുമാനത്തിലെത്തിയില്ല. ഉച്ചതിരിഞ്ഞ് ഇതേവിഷയം ചര്‍ച്ച ചെയ്യാന്‍ എസ് വൈ എസിന്റെ ഒരു മീറ്റിംഗ് വിളിച്ചിരുന്നു. അതുംകൂടി കഴിഞ്ഞ് തീരുമാനത്തിലെത്താം എന്നു പറഞ്ഞ് പിരിഞ്ഞു.
അന്നേദിവസം എസ് വൈ എസ് ജില്ലാ കമ്മിറ്റി ഇതേ ആവശ്യത്തിനു വേണ്ടി കോട്ടക്കലില്‍ തന്നെ ചേര്‍ന്നു. ജംഇയ്യത്തുല്‍ ഉലമയില്‍ നടന്ന അതേരൂപത്തിലുള്ള വികാരപ്രസംഗങ്ങള്‍ നടന്നു. മലപ്പുറം ജില്ല പങ്കെടുക്കുന്നില്ല എന്ന് തീരുമാനിക്കാനുള്ള മുറവിളി ശക്തമായി. മീറ്റിംഗിനെത്തിയ പണ്ഡിതന്‍മാരല്ലാത്ത എസ് വൈ എസുകാരില്‍ പലരും ലീഗിന്റെ സജീവ പ്രവര്‍ത്തകരും നേതാക്കളുമായിരുന്നു. അതിനാല്‍ രാവിലെ നടന്ന മീറ്റിംഗിലേതിലേറെ ലീഗനുകൂലികള്‍ ഈ മീറ്റിംഗില്‍ ഉണ്ടായിരുന്നു. തീരുമാനം അന്തിമമാകും എന്ന ഘട്ടം വന്നപ്പോള്‍ കോട്ടുമല ഉസ്താദ് എഴുന്നേറ്റു. അദ്ദേഹം പറഞ്ഞു: ‘മലപ്പുറം ജില്ല സഹകരിച്ചുകൊള്ളാം എന്ന് കേന്ദ്രമുശാവറയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ പങ്കെടുക്കൂല എന്ന് തീരുമാനിക്കരുത്.’ അപ്പോള്‍ ചുങ്കത്തറക്കാരന്‍ ഒരുനാട്ടു പ്രമാണി, സജീവ ലീഗുകാരനായ അദ്ദേഹം മേശപ്പുറത്ത് ഒന്നു കൊട്ടി പരിഹാസഭാവത്തില്‍ കോട്ടുമല ഉസ്താദിന് നേരെ അംഗവിക്ഷേപം നടത്തി ചോദിച്ചു: ‘പങ്കെടുക്കും എന്ന് ആരോട് ചോദിച്ചാണ് വാക്ക് കൊടുത്തത്?’. ആരും വല്ലാതെ വേദനിച്ചുപോകുന്ന രംഗമായിരുന്നു അത്. കോട്ടുമല ഉസ്താദ് ആരാ? ഈ നാട്ടുപ്രമാണി ആരാ? ഉസ്താദ് വല്ലാതെയായി. അപ്പോള്‍ ചെമ്മാട് ബാപ്പുട്ടി ഹാജി എഴുന്നേറ്റുനിന്ന് പറഞ്ഞു: ‘ഇന്ന് അങ്ങനെ പറയാനും സമ്മതം കൊടുക്കാനും ഉള്ള അധികാരമൊക്കെ കോട്ടുമല ഉസ്താദിന് ഉണ്ട്’. അതുകേട്ടപ്പോള്‍ സദസ്സില്‍ നിന്ന് വലിയ ഉച്ചത്തില്‍ തക്ബീര്‍ മുഴങ്ങി. അങ്ങനെ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന തീരുമാനത്തിലെത്തി. അപ്പോള്‍ അടുത്ത ഘട്ടത്തിലേക്ക് ചര്‍ച്ചപോയി; ‘എങ്കില്‍ ചില ഉപാധികള്‍ വെക്കണം. സമ്മേളനം മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യണം. മുസ്ത്വഫല്‍ ഫൈസി, റഹ്മാന്‍ ഫൈസി അടക്കമുള്ള ആളുകള്‍ സ്റ്റേജില്‍ കയറാനോ ഉത്തരവാദപ്പെട്ട സമിതികളില്‍ ഉണ്ടാകാനോ പാടില്ല. ഇ കെ, എ പി എന്നിവരുടെ പ്രസംഗത്തില്‍ എന്തെങ്കിലും വിമര്‍ശനം ഉണ്ടായാല്‍ അതിന് മറുപടി പറയാന്‍ അവസരം ഉണ്ടാകും വിധം കെ വിയുടെ പ്രസംഗം അവര്‍ക്ക് ശേഷമായിരിക്കണം’ ഇതൊക്കെയായിരുന്നു പ്രധാന ഉപാധികള്‍. അത് പാലിക്കപ്പെട്ടിട്ടില്ലെങ്കില്‍ ജില്ലാ കമ്മിറ്റി പങ്കെടുക്കില്ല എന്ന് രേഖാമൂലം എഴുത്തയച്ചു.
മലപ്പുറം ലോബിയുടെ കത്തുപോയി എന്നല്ലാതെ ഇ കെ അങ്ങനെ ഒരു കത്ത് കിട്ടിയിട്ടുണ്ടെന്ന ഭാവം പോലും നടിച്ചില്ല. അതിലെ ഉപാധികളൊന്നും അംഗീകരിച്ചതുമില്ല. സമ്മേളനത്തില്‍ എ പി ഉസ്താദ് സ്വാഗതം പറഞ്ഞു. കണ്ണിയത്ത് ഉസ്താദ് അധ്യക്ഷത വഹിച്ചു. ശംസുല്‍ഉലമ എല്ലാവര്‍ക്കും കണക്കിന് കൊടുത്തിട്ട് ഉദ്ഘാടനവും ചെയ്തു. തന്റെ ഒരു വിരല്‍ കൊണ്ട് സദസ്സിനെ എഴുന്നേല്‍പ്പിച്ച് ഇരുത്തിയ പ്രസിദ്ധമായ സംഭവത്തിലൂടെ കേരള മുസ്‌ലിംകള്‍ സമസ്തയുടെ പണ്ഡിതന്‍മാരുടെ പൂര്‍ണമായ നേതൃത്വത്തിന് കീഴിലാണെന്ന സന്ദേശവും അദ്ദേഹം നല്‍കി. സമ്മേളനത്തിന്റെ സുവനീറില്‍ മുസ്ത്വഫല്‍ ഫൈസിക്ക് പ്രധാന ഉത്തരവാദിത്വം നല്‍കുക വഴി മലപ്പുറം ലോബിയുടെ പ്രധാന ഉപാധി അദ്ദേഹം അവഗണിച്ചു. നിരാശരായ മലപ്പുറം ലോബി കൂടുതല്‍ പകയുള്ളവരായി മാറുകയും ചെയ്തു.
ഫൈസിമാര്‍ ദൗത്യം തുടര്‍ന്നു. അവരുടെ നീക്കം വല്ലാതെ ജില്ലാ സമസ്തയെ പ്രതിരോധത്തിലാക്കിയപ്പോള്‍ പിന്നെ അവര്‍ക്ക് മുശാവറ കത്തയക്കുന്നത് നിര്‍ത്തി. പ്രത്യക്ഷത്തില്‍ അവര്‍ അകത്തും പുറത്തും അല്ലാതെയായി മാറി. ഈ വടംവലിക്കിടയില്‍ ജില്ലയില്‍ എസ് വൈ എസ് നിശ്ചലമായി. മഹല്ല് ഫെഡറേഷന്‍ സജീവമാകുകയും ചെയ്തു. ഇ കെ , എ പി നേതൃത്വത്തെ അംഗീകരിക്കാത്തവര്‍ക്ക് ആവശ്യവും അത് തന്നെയായിരുന്നു. കാരണം എസ് വൈ എസിന്റെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും യഥാക്രമം ഇ കെ ഹസന്‍ മുസ്‌ലിയാരും എ പി ഉസ്താദും ആയിരുന്നു. ജില്ലാ കമ്മിറ്റി ആകുമ്പോള്‍ സംസ്ഥാന കമ്മിറ്റിയെ അംഗീകരിക്കേണ്ടി വരുമല്ലോ? എന്നാല്‍ മുസ്ത്വഫല്‍ ഫൈസി ഉറച്ചുതന്നെയായിരുന്നു. അദ്ദേഹം മുന്‍കൈ എടുത്ത് എസ് വൈ എസ് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തു. ഉമറലി ശിഹാബ് തങ്ങള്‍ക്ക് പകരം വൈലത്തൂര്‍ തങ്ങള്‍ പ്രസിഡന്റും മുസ്ത്വഫല്‍ ഫൈസി തന്നെ ജനറല്‍ സെക്രട്ടറിയുമായി എസ് വൈ എസ് പുനഃസംഘടിപ്പിച്ചു. ഞാന്‍ വൈസ് പ്രസിഡന്റായി ഈ കമ്മിറ്റിയില്‍ ഉണ്ടായിരുന്നു.
അതിനു ശേഷം തിരൂരങ്ങാടിയില്‍ ഒരു പണ്ഡിത സമ്മേളനം വിളിച്ചു ചേര്‍ത്തു. ആറായിരത്തിലധികം പേര്‍ രജിസ്‌ട്രേഷന്‍ നടത്തിയിരുന്ന ആ സമ്മേളനത്തില്‍ രജിസ്‌ട്രേഷന്‍ നടത്താത്തവരായി ഒട്ടനവധി പേര്‍ വേറെയും ഉണ്ടായിരുന്നു. പണ്ഡിതന്‍മാര്‍ ആര്‍ക്കൊപ്പമാണെന്ന് വെളിപ്പെടുത്തലായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. ആ സമ്മേളനത്തില്‍ റഹ്മാന്‍ ഫൈസി മൈക്ക് ഓണ്‍ ചെയ്തു പ്രഖ്യാപിച്ചു: ‘നിലവിലുള്ള സമസ്തയുടെ ജില്ലാ കമ്മിറ്റി പിരിച്ചുവിടുന്നു. പുതിയ ഭാരവാഹികളും അംഗങ്ങളുമായി താഴെ പറയുന്നവരെ പ്രഖ്യാപിക്കുന്നു’. നെല്ലിക്കുത്ത് ഉസ്താദ് പ്രസിഡന്റും ഞാന്‍ ജനറല്‍ സെക്രട്ടറിയുമായ പാനലാണ് അദ്ദേഹം വായിച്ചത്. സദസ്സ് തക്ബീര്‍ ധ്വനികളോടെ അത് അംഗീകരിച്ചു. ഈ സംഭവത്തോടെയാണ് എനിക്ക് കത്തയക്കാതെ ആയത്. മാനസികമായി എതിര്‍പ്പുണ്ടായിരുന്നെങ്കിലും ആരോടും വാക്കേറ്റവും പരസ്യപ്രസംഗവും ഒന്നും അതുവരെ ഞാന്‍ നടത്തിയിട്ടില്ല. ഈ പണ്ഡിത സമ്മേളനത്തിന് പകരമായാണ് കോഴിക്കോട്ട് സമ്മേളനം നടത്തി അവര്‍ പരിഹാസ്യരായത്. മദ്രസാധ്യാപകരെ നിര്‍ബന്ധിച്ച് സമ്മേളനത്തില്‍ എത്തിച്ചു. എന്നിട്ടും എണ്ണൂറില്‍ താഴെ അംഗങ്ങളാണ് പങ്കെടുത്തത്. ഈ സമ്മേളനത്തിലാണ് ‘ഇത് ഉലമാ സമ്മേളനമാണ്, എല്ലാവരും തലമറക്കണം’ എന്ന് ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് പറയേണ്ടി വന്നത്.
ഇവ്വിധം കാര്യങ്ങള്‍ നീങ്ങുന്നതിനിടക്കാണ് തലശ്ശേരിയില്‍ കേയി സാഹിബിന്റെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്ന് ശംസുല്‍ഉലമ ലീഗിനോട് ആഭിമുഖ്യമുള്ള ആളാകുന്നതും പറഞ്ഞത് പലതും തിരുത്തി പറയുന്നതും. പിന്നീട് ഒരു ഘട്ടത്തില്‍ മുസ്ത്വഫല്‍ ഫൈസിയും റഹ്മാന്‍ ഫൈസിയും നിലപാട് മാറ്റി. അത്രയും കാലം അവര്‍ ആര്‍ക്കെതിരായിരുന്നോ അവര്‍ക്കൊപ്പം ചേര്‍ന്നു. എന്നാല്‍ എന്നെ ആര്‍ക്കും കാര്യങ്ങള്‍ പറഞ്ഞുധരിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഞാന്‍ ഇതെല്ലാം കണ്ടും കേട്ടും കൂടെ നടന്നതിനാല്‍ എനിക്ക് എല്ലാം വ്യക്തമായിരുന്നു. സാധാരണക്കാര്‍ കാര്യങ്ങള്‍ അറിയാതെ പോയിട്ടുണ്ടാകാം. എന്നാല്‍ നേതൃതലത്തില്‍ ഉള്ളവര്‍ക്കെല്ലാം സത്യമറിയാം. പുനഃസംഘാടനത്തിനു ശേഷം ഒരിക്കല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെ കണ്ടപ്പോള്‍ ഞാന്‍ അതുസംബന്ധമായി സംസാരിച്ചു. അന്നദ്ദേഹം ആ വിഭാഗത്തിന്റെ സെക്രട്ടറിയൊന്നുമായിട്ടില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘എണ്‍പത് ശതമാനം എ പി പറയുന്നതും ഇരുപത് ശതമാനം ഇ കെ പറയുന്നതുമാണ് ശരി. ദീന്‍ നോക്കുമ്പോള്‍ എ പി പറയുന്നിടത്താണ് കാര്യം. എന്നാല്‍ രാഷ്ട്രീയം കുറച്ചൊക്കെ പരിഗണിക്കേണ്ടേ, അപ്പോള്‍ ഇ കെ പറയുന്നതില്‍ ചില ന്യായങ്ങളുണ്ട്’. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘എണ്‍പത് ശതമാനത്തിന്റെ ഒപ്പമല്ലേ നാം നില്‍ക്കേണ്ടത്?’. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘നിങ്ങള്‍ ചെറുപ്പക്കാര്‍ക്ക് അത് പറയാം. നിങ്ങള്‍ അങ്ങനെ പറയുന്നവര്‍ ഒരു ടീമുണ്ട്. നിങ്ങളുടെ കൂടെ വന്നാല്‍ ഞാന്‍ ഒറ്റപ്പെട്ടുപോകും’. അദ്ദേഹത്തിനും കാര്യങ്ങള്‍ അറിയാം എന്നര്‍ഥം. മുസ്ത്വഫല്‍ഫൈസിയുടെ സംസാരങ്ങളില്‍ പലപ്പോഴും അത് അറിയാതെ വന്നുപോവാറുണ്ട്. മുമ്പ് രിസാല പ്രസിദ്ധീകരിച്ച ഒരു ഇന്റര്‍വ്യൂവില്‍ അത് അദ്ദേഹം തുറന്നുപറഞ്ഞിട്ടുമുണ്ട്.
എല്ലാം ബോധ്യപ്പെട്ടാണ് ഞാന്‍ താജുല്‍ഉലമക്കും എ പി ഉസ്താദിനും ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. പിന്നെ ഒരു പ്രധാന നിമിത്തമുണ്ടായത്, ഒരിക്കല്‍ മടവൂര്‍ സി എം വലിയ്യുല്ലാഹിയുടെ അടുത്ത് ചെന്നപ്പോള്‍ ‘ ഉള്ളാളം തങ്ങളും എ പിയും പറയുന്നതാണ് ശരി, അവരുടെ കൂടെ ഉറച്ച് നില്‍ക്കണം’ എന്ന് നേരിട്ട് പറയുകയും കൂടി ചെയ്തതോടെ എന്റെ തീരുമാനം കൂടുതല്‍ ദൃഢമായി.
മുശാവറയിലെ ഇറങ്ങിപ്പോക്കിന് ശേഷമാണ് ഞാന്‍ കേന്ദ്ര മുശാവറയില്‍ വരുന്നത്. മുശാവറ പുനഃസംഘടിപ്പിക്കാനുണ്ടായ സാഹചര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മുശാവറയില്‍ വരുന്ന ഒഴിവുകള്‍ ജനറല്‍ ബോഡി ചേരാതെ നോമിനേഷനിലൂടെ നികത്തി മറ്റു നടപടിക്രമങ്ങളില്ലാതെ മുന്നോട്ട് പോവുകയാണ് ചെയ്തിരുന്നത്. സമസ്തയുടെ ബൈലോ അനുസരിച്ച് നോമിനേറ്റഡ് മെമ്പര്‍മാരുടെ തെരഞ്ഞെടുപ്പ് ശരിയാവില്ല. ജനറല്‍ ബോഡിയിലൂടെയാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ പണ്ഡിതന്‍മാര്‍ ആരുടെ കൂടെയാണെന്ന് ബോധ്യമുള്ളതിനാല്‍ ജനറല്‍ ബോഡി വിളിക്കാന്‍ ധൈര്യവുമില്ല. താജുല്‍ഉലമയെയും എ പി ഉസ്താദിനെയും പുറത്താക്കാന്‍ മുശാവറ കൂടാനിരുന്നപ്പോള്‍ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയത് മെമ്പര്‍മാരെ നിയമപ്രകാരം തെരഞ്ഞെടുത്തതല്ല എന്നു കാണിച്ചാണ്. പിന്നീട് കൃത്രിമമായി ജനറല്‍ ബോഡി കൂടിയതായി രേഖകളുണ്ടാക്കിയാണ് അവര്‍ ആ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചത്. ഇറങ്ങിപ്പോന്ന ശേഷം തുടര്‍നടപടിയെ കുറിച്ച് ആലോചിക്കാന്‍ വക്കീലിനെ സമീപിച്ചപ്പോള്‍ രണ്ട് മാര്‍ഗമാണ് അദ്ദേഹം പറഞ്ഞത്: ഒന്ന് വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കുമെതിരെ കേസ് കൊടുക്കുക എന്നതാണ്. എന്നാല്‍ താജുല്‍ഉലമയും എ പി ഉസ്താദും അതിന് തയ്യാറായില്ല. മറ്റൊന്നും കൊണ്ടല്ല, അവരോടുള്ള ആദരവ് കൊണ്ട് മാത്രം. രണ്ടാമത്തെ മാര്‍ഗം, മുശാവറ കൈയേറുക എന്നതായിരുന്നു. അതിനും അവര്‍ തയ്യാറായില്ല. പിന്നീടാണ് ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്.
ജനറല്‍ ബോഡിക്ക് മുമ്പായി പാനലുണ്ടാക്കാന്‍ എ പി ഉസ്താദും മറ്റും ഒ കെ ഉസ്താദിനെ സമീപിച്ചപ്പോള്‍ ഒ കെ ഉസ്താദാണ് എന്റെ പേര് നിര്‍ദേശിച്ചത്. അന്നെനിക്ക് മുപ്പത്താറ് വയസ്സായിട്ടേ ഉള്ളൂ. ചെറുപ്പമല്ലേ എന്ന് എ പി ഉസ്താദ് ചോദിച്ചെങ്കിലും ഒ കെ ഉസ്താദ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ മുശാവറയിലെത്തി. ജില്ലാ മുശാവറയുടെ രൂപീകരണ ചര്‍ച്ച വന്നപ്പോള്‍ റഹ്മാന്‍ ഫൈസി തിരൂരങ്ങാടിയില്‍ നിന്ന് പ്രഖ്യാപിച്ചത് പോലെ, നെല്ലിക്കുത്ത് ഉസ്താദ് പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായി തന്നെ നിലവില്‍ വന്നു. കുറച്ചുകാലങ്ങള്‍ക്ക് ശേഷം കേന്ദ്ര മുശാവറയുടെ ജോ. സെക്രട്ടറിയുമായി.
സമസ്തയില്‍ വന്നതിന് ശേഷമാണ് ഞാന്‍ എസ് വൈ എസ് സംസ്ഥാനകമ്മിറ്റിയില്‍ വരുന്നത്. ആദ്യം കമ്മിറ്റി മെമ്പറായി പിന്നീട് ജനറല്‍ സെക്രട്ടറിയായി. അപ്പോള്‍ എ പി ഉസ്താദ് ആയിരുന്നു പ്രസിഡന്റ്. പിന്നീട് ഞാന്‍ പ്രസിഡന്റായി. ആദ്യം സി മുഹമ്മദ് ഫൈസിയും പിന്നീട് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുമായിരുന്നു ജനറല്‍ സെക്രട്ടറിമാര്‍. ഞാന്‍ സെക്രട്ടറി ആവുന്നതിന്റെ മുമ്പ് എ പി ഉസ്താദായിരുന്നു ജനറല്‍ സെക്രട്ടറി. ഉസ്താദിന്റെ കൂടെ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ഇ കെ ഹസന്‍ മുസ്‌ലിയാര്‍, എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസിഡന്റുമാരായിരുന്നിട്ടുണ്ട്. മുപ്പത് വര്‍ഷക്കാലം പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി ഉസ്താദ് എസ് വൈ എസിനെ നയിച്ചിട്ടുണ്ട്. 1974ല്‍ ഉസ്താദ് സെക്രട്ടറിയാകുമ്പോള്‍ നൂറിനടുത്ത് യൂനിറ്റുകള്‍ മാത്രമാണ് എസ് വൈ എസിനുള്ളത്. അത് പിന്നീട് കുതിച്ചു കയറി. 1974ല്‍ മുശാവറയില്‍ എത്തിയ ഉസ്താദിനെ 1978 ആകുമ്പോഴേക്കും ജോ സെക്രട്ടറിയായി ഇ കെ ഉയര്‍ത്തിക്കൊണ്ടുവന്നത് ഉസ്താദിന്റെ സംഘാടക മികവ് കൊണ്ട് കൂടിയാണ്.
ഇ കെ ഹസന്‍ മുസ്‌ലിയാരുടെയും എ പി ഉസ്താദിന്റെയും നേതൃത്വത്തിലുള്ള എസ് വൈ എസ് കാലമാണ് സുന്നികള്‍ക്ക് സ്വത്വബോധം നല്‍കിയത്. അതുവരെ സുന്നികള്‍ മഹാഭൂരിപക്ഷമുള്ള മഹല്ലുകളില്‍ പോലും ബിദഇകള്‍ ഭാരവാഹികളാകുന്ന സ്ഥിതിയായിരുന്നു. എന്റെ നാട്ടില്‍ പൊന്മളയില്‍ പി ടി മൗലവി എന്ന പുത്തനാശയക്കാരന്‍ സുന്നി മഹല്ലിന്റെ സെക്രട്ടറിയായിട്ടുണ്ട്. ബിദഇകള്‍ നേരത്തെ തന്നെ എല്ലാ അവസരവും ചൂഷണം ചെയ്ത് വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കുകയും ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്തു കൊണ്ടിരുന്നു. ലീഗ് രാഷ്ട്രീയത്തിനും ഈ സ്ഥിതി അനിവാര്യമായിരുന്നു. ഹസന്‍ മുസ്‌ലിയാരും എ പി ഉസ്താദും ഈ സ്ഥിതിക്ക് മാറ്റം വരുത്തി. എസ് വൈ എസിന്റെ ഈ മുന്നേറ്റത്തിന് സമസ്തയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശംസുല്‍ഉലമയുടെ മുഴുവന്‍ പിന്തുണയും ഉണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് നിലപാട് മാറ്റമുണ്ടായത്.
സുന്നികളുടെ സ്വത്വത്തിന് വേണ്ടി ഉസ്താദും എസ് വൈ എസും എക്കാലവും നിലനിന്നപ്പോള്‍ ആദ്യം, ഇ കെക്കെതിരെ നില്‍ക്കുകയും പിന്നീട് അദ്ദേഹത്തെ അടര്‍ത്തിയെടുക്കുകയും ചെയ്ത വിഭാഗം അന്നും ഇന്നും എന്നും ബിദഇകളെ പ്രീണിപ്പിക്കാനാണ് താല്‍പര്യം കാട്ടിയത്. സമസ്തയുടെ സ്ഥാപിത ലക്ഷ്യം ആദര്‍ശ സംരക്ഷണവും ബിദഈ പ്രതിരോധവുമാണെങ്കില്‍ കെ എന്‍ എമ്മിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി മരിച്ചപ്പോള്‍ ‘സമസ്ത’ എന്നുപറഞ്ഞുനടക്കുന്നവരുടെ പ്രസിഡന്റ് അയാളുടെ വിയോഗം തീരാനഷ്ടമാണ് എന്ന് അനുശോചിക്കുന്ന സ്ഥിതി വിശേഷം എത്ര അനവധാനപൂര്‍ണമാണ്?. കെ ടി മാനു മുസ്‌ലിയാര്‍ ഇപ്പറഞ്ഞ സമസ്തയുടെ സെക്രട്ടറിയായിരുന്നല്ലോ? അദ്ദേഹത്തിന്റെ ആണ്ടിന് ഇരുവിഭാഗം മുജാഹിദുകളുടെയും പ്രതിനിധികളും ജമാഅത്തെ ഇസ്‌ലാമിയുടെ അമീറും ക്ഷണിക്കപ്പെട്ടിരുന്നു. ഇത്രക്കൊരു ആദര്‍ശപരമായ അര്‍ഥശൂന്യത മറ്റാരും പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകില്ല. താജുല്‍ഉലമ വഫാത്തായപ്പോള്‍ വന്നില്ല, നല്ലതൊന്നും പറഞ്ഞതുമില്ല. ആദര്‍ശവും ജീവിതവും രണ്ട് വഴിക്ക് നീങ്ങുന്നുവെന്നത് മറ്റാരും പറയേണ്ട കാര്യമില്ല. അവര്‍ സ്വജീവിതം കൊണ്ട് ആ വൈരുദ്ധ്യം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
എസ് വൈ എസിന്റെ ഭാരവാഹിത്വത്തില്‍ വന്നതിന് ശേഷം കാര്യമായി ശ്രദ്ധിച്ചത് സമസ്തയുടെ ലക്ഷ്യമായ ആദര്‍ശ സംരക്ഷണത്തിന് തന്നെയായിരുന്നു. അതിന് വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. നിലവില്‍ കേരളത്തിലെ ബിദഈ സംഘടനകളുടെ സ്ഥിതി എത്രത്തോളം ദയനീയമാണ് എന്നറിയുമ്പോഴാണ് ആ പദ്ധതികളുടെ വിജയം നമുക്ക് ബോധ്യമാകുന്നത്. എ പി ഉസ്താദിന്റെ കാലത്ത് മര്‍കസ് മുഖേന എസ് വൈ എസ് ആരംഭിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനം കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. മതവിദ്യാര്‍ഥികളുടെ അന്തസ് വര്‍ധിച്ചു. ഭൗതിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്താന്‍ അതിലൂടെ സാധിച്ചു.
സാന്ത്വനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വളരെ സന്തോഷം നല്‍കിയ ഒരു മുന്നേറ്റമായി. നാടുനീളെ സാന്ത്വന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ആവശ്യക്കാര്‍ക്ക് വേണ്ടത് നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. വിവിധ ഗവണ്‍മെന്റ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് സൗജന്യ മരുന്ന് വിതരണവും സൗജന്യ നിരക്കില്‍ ആംബുലന്‍സ് സേവനവും നടപ്പാക്കി. പലയിടങ്ങളിലും രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും ഭക്ഷണം നല്‍കി. സാന്ത്വനം വളണ്ടിയര്‍മാരുടെ രാപ്പകലില്ലാത്ത പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ വിവിധയിടങ്ങളില്‍ ജാതി, മത വിത്യാസമില്ലാതെ എല്ലാവര്‍ക്കും അനുഭവിക്കാനായി. ഇപ്പോള്‍ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി പരിശീലനം നല്‍കി ക്രമപ്പെടുത്തിയ ഇരുപത്തയ്യായിരത്തിലധികം വരുന്ന സ്വഫ്‌വ വളണ്ടിയര്‍മാര്‍ ഈ മേഖലയില്‍ വരും കാലത്ത് കൂടുതല്‍ കാര്യക്ഷമതയോടെ പ്രസ്ഥാനത്തിന് സമര്‍പ്പിക്കാനുള്ള സന്നദ്ധ സേവകരാണ്. സമ്മേളനത്തോടനുബന്ധിച്ച് വിവിധ ഗവണ്‍മെന്റ് ഹോസ്പിറ്റലുകളില്‍ അറുപതോളം വാര്‍ഡുകള്‍ നവീകരിച്ച് സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ പരിസരത്ത് സ്ഥാപിതമാകാന്‍ പോകുന്ന സാന്ത്വന കേന്ദ്രം ഈ മേഖലയില്‍ എടുത്തുപറയാവുന്ന ഒരു നാഴികക്കല്ലാവും.
പ്രവാസ ലോകത്ത് വിവിധ പേരുകളില്‍ ചിതറിക്കിടന്നിരുന്ന പ്രവര്‍ത്തകരെ ഐ സി എഫ് എന്ന പേരില്‍ മുഴുവന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും സംഘടിപ്പിച്ചു. വളരെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പഴയ കാലത്ത് ഗള്‍ഫില്‍ ജോലിക്ക് പോകുന്ന സുന്നികള്‍ ബിദഈ കുപ്രചാരണങ്ങളില്‍ പെട്ട് വഞ്ചിതരായി വഴിതെറ്റിപ്പോകുന്ന സാഹചര്യമുണ്ടായിരുന്നെങ്കില്‍ ഇന്നത് മാറി ബിദഈ കുടുംബങ്ങളില്‍ നിന്ന് ഗള്‍ഫിലെത്തുന്നവര്‍ക്ക് നേര്‍വഴി കാണിച്ചു കൊടുക്കാന്‍ കഴിയും വിധം ഐസിഎഫ് കാര്യക്ഷമമായി ഇടപെട്ട്‌കൊണ്ടിരിക്കുന്നു. ‘പ്രവാസി വായന’ എന്ന പേരില്‍ അവര്‍ക്ക് വേണ്ടി ഒരു മാസികയും ഇപ്പോള്‍ തുടങ്ങിക്കഴിഞ്ഞു.
സംഘടനാ രംഗത്ത് നന്നായി പ്രവര്‍ത്തിച്ച് പരിചയമുള്ള ഒരു സംഘം സഹപ്രവര്‍ത്തകന്‍മാര്‍ കൂടെയുണ്ടായി എന്നു തന്നെയാണ് എല്ലാ പ്രവര്‍ത്തനങ്ങളുടെയും സമയത്ത് ധൈര്യം നല്‍കിയ ഘടകം. ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എസ് എസ് എഫിന്റെ സംസ്ഥാന പ്രസിഡന്റായും മറ്റും പ്രവര്‍ത്തിച്ചു തഴക്കമുണ്ട്. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസിയുടെ സാന്നിധ്യം നയരൂപീകരണങ്ങളിലും ഘടനാക്രമീകരണങ്ങളിലും പദ്ധതി രൂപീകരണങ്ങളിലുമെല്ലാം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. അതുപോലെ ഓരോ രംഗത്തും പ്രഗത്ഭമതികളായ ആളുകള്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിച്ച് പ്രസ്ഥാനം അറുപതിലെത്തി. അറുപത് പിന്മാറ്റത്തിന്റെയോ അല്ലെങ്കില്‍ ഇടവേളയുടെയോ സന്ദര്‍ഭമല്ല, മുന്നേറ്റത്തിലേക്ക് കൂടുതല്‍ വഴികള്‍ തുറക്കാനുള്ളതാണ്. അതിന്നായി നമുക്ക് ഈ താജുല്‍ഉലമ നഗരിയില്‍ നിന്ന് ഊര്‍ജമെടുക്കാം.

കേട്ടെഴുത്ത്: എം ടി ശിഹാബുദ്ദീന്‍ സഖാഫി

Samastha History, Causes of AP E K Split in Kerala , Samastha kerala Sunni Yuvajana Samgham, SYS History , Original Samastha, Ponmala Abdul Qadir Musliyar, 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹസനിയ്യയിലെ അതിഥികള്‍