2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

തിരുകേശവിവാദം നിറുത്താന്‍ സമയമായ് പോലും…

ഒ എം തരുവണ

 | സിറാജ് ലൈവ് .കോം



 തിരുകേശ വിവാദം നിറുത്താന്‍ സമയമായിരിക്കുന്നുവെന്നാണ് ബഹാഉദ്ദീന്‍ കൂരിയാട് പറയുന്നത്. തുടങ്ങിയ ആളിനു തന്നെ നിറുത്താന്‍ സമയമായിരിക്കുന്നുവെന്നു തോന്നുന്നുവെങ്കില്‍ നല്ല കാര്യമാണ്. നാട്ടുകാരെ മുഴുവന്‍ വിളിച്ചുകൂട്ടി സമ്മതം ചോദിച്ചിട്ടൊന്നുമല്ലല്ലോ തുടങ്ങിയത്, അതുകൊണ്ട് അവസാനിപ്പിക്കാനും ഒരു പൊതുസമ്മതത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. രണ്ട് വര്‍ഷം മുമ്പാണ് ബഹാഉദ്ദീനും അയാളുടെ സമസ്തയും ഈ പാഴ്‌വിവാദം കെട്ടിപ്പേറിക്കൊണ്ടുവന്നത്. അന്ന് ഇവരുന്നയിച്ച മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും സുന്നീ പ്രസ്ഥാനം അക്കമിട്ടു മറുപടി പറഞ്ഞതാണ്; ഒന്നര വര്‍ഷം മുമ്പ് കഥകഴിച്ചു പെരുവഴിയിലുപേക്ഷിച്ചതുമാണ്. ഇപ്പോള്‍ നിറുത്താന്‍ സമയമായിരിക്കുന്നുവെന്നു തോന്നുന്നുവത്രെ. നല്ല കാര്യം വൈകിത്തോന്നിയെന്നു വെച്ചു കുറ്റപ്പെടുത്താനാകുമോ? നിറുത്താന്‍ സമയമായി എന്നു തോന്നിത്തുടങ്ങിയ സ്ഥിതിക്ക് അതെത്രയും നേരത്തെയാകുന്നതാണ് തുടങ്ങിയവര്‍ക്കും സമുദായത്തിനും നല്ലത്. ചില കാര്യങ്ങള്‍ക്കൊരു കുഴപ്പമുണ്ട്; നിറുത്താന്‍ എപ്പോള്‍ തോന്നിയോ അപ്പോള്‍ നിറുത്തിക്കൊള്ളണം, അമാന്തം കാണിച്ചാല്‍ പിന്നെ നിറുത്താന്‍ കഴിഞ്ഞെന്നു വരില്ല. ജീവിതം തന്നെ അതങ്ങെടുത്തുകോണ്ടുപോയെന്നു വരും!
പ്രഖ്യാപിച്ചിരിക്കുന്ന അറുപതാം വാര്‍ഷികം കൂടി തിരുകേശ വിവാദത്തിന്റെ ചെലവില്‍ വിജയിപ്പിച്ചെടുക്കാനാണ് വിചാരമെങ്കില്‍ അഞ്ചാറ് മാസം കൂടി സമുദായം സഹിക്കേണ്ടതായിവരും. തിരുകേശ വിവാദം കത്തിച്ചുകിട്ടിയ വെളിച്ചത്തിലാണ് ബഹാഉദ്ദീന്റെ സ്ഥാപന സമ്മേളനത്തില്‍ ചരിത്രത്തിലാദ്യമായി നാലാളുകൂടിയത്. കൂരിയാട് മേള കൊഴുപ്പിച്ചതും ഈ വിവാദപ്പുകമറയത്താണ്. മറ്റൊരജന്‍ഡയും പരിപാടിയും ജനങ്ങള്‍ക്കു മുമ്പില്‍ വെക്കാനില്ലാത്തതുകൊണ്ട് നാല്‍പ്പതില്ലാത്ത ഈ അറുപത് കൂടി ഒന്നു വേവിച്ചെടുത്തോട്ടെ എന്നാണ് പറയുന്നതെങ്കില്‍; സമുദായം പലതും സഹിക്കുന്നുണ്ട്, അക്കൂട്ടത്തില്‍ ഇതും, അല്ലാതെന്തു പറയാന്‍? രാഷ്ട്രീയത്തിലെ കൂട്ടുകിടപ്പുകൊണ്ടു കിട്ടിയതാകണം ഇത്തരം നാലാം കിട നമ്പറുകള്‍. രണ്ട് എം പിമാര്‍ മാത്രമുണ്ടായിരുന്ന ബി ജെ പി രാജ്യം ഭരിക്കുന്നിടത്തേക്കു വളര്‍ന്നത് അയോധ്യാ പ്രശ്‌നം ദേശീയ വിവാദമാക്കി മുന്നില്‍ നിറുത്തിക്കൊണ്ടാണ്. ബാബരി മസ്ജിദ് തകര്‍ത്തതാണ് ചരിത്രത്തില്‍ ആ പാര്‍ട്ടി ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്നു കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. മസ്ജിദ് മുന്നില്‍ വെച്ച് അയോധ്യാ പ്രശ്‌നം ലൈവായി നിലനിറുത്തിയിരുന്നുവെങ്കില്‍ ബി ജെ പിക്കിപ്പോള്‍ പ്രതിപക്ഷത്തിരിക്കേണ്ടിവരില്ലായിരുന്നത്രെ. തിരുകേശ വിവാദം ഇങ്ങനെ പൊന്‍മുട്ടയിടുന്ന താറാവാക്കിക്കൊണ്ടു നടക്കാനാണു പരിപാടിയെങ്കില്‍ സഹതപിക്കുക; അട്ടക്കു പൊട്ടക്കുളം.
ബഹാഉദ്ദീനും അയാളുടെ സമസ്തയും അയാളുടെ തന്നെ സ്വകാര്യ താത്പര്യമായ ജമാഅത്തെ ഇസ്‌ലാമിയും വഹാബി ഗ്രൂപ്പുകളും ചേര്‍ന്നാണ് ഈ അസംബന്ധ നാടകം കെട്ടിയെഴുന്നള്ളിച്ചത്. പിന്നീട് ഈ കൂട്ടായ്മയിലേക്കു വന്നുചേര്‍ന്ന കക്ഷികളുടെ പെരുപ്പവും വലിപ്പവും കോലവും കണ്ട് ശരിക്കും അമ്പരന്നുപോയി. ഖാദിയാനികള്‍, ചേകന്നൂരികള്‍, വ്യാജ ത്വരീഖത്തുകാര്‍, യുക്തിവാദികള്‍… എന്തൊരു ചേര്‍ച്ച! ചേളാരി സമസ്ത അതിന്റെ നിയോഗം അനുസരിച്ച് എത്തിച്ചേരേണ്ടിടത്തു തന്നെയാണ് എത്തിയതെന്ന് അന്നാണ് ബോധ്യപ്പെട്ടത്. അടിസ്ഥാനപരമായി തിരുകേശം ഇസ്‌ലാമിലെ ആത്മീയ വിഷയമാണ്. ഇസ്‌ലാമിലെ ആത്മീയതയേയും തിരുശേഷിപ്പുകളെയും നിരാകരിക്കുന്ന ബിദ്അത്തുകാരും എല്ലാത്തരം ആത്മീയതകളെയും എതിര്‍ക്കുന്ന ഭൗതികവാദികളും ചേളാരി സമസ്തയുടെ ബാനറില്‍ അണിനിരന്നു. കമ്യൂണിസത്തിന്റെ മതവിരോധം വരെ ഉപയോഗപ്പെടുത്താന്‍ ശ്രമമുണ്ടായിട്ടുണ്ട്; ക്ലിക്കായില്ലെന്നു മാത്രം.
കണ്ടുകൂടാത്തവരും തൊട്ടുകൂടാത്തവരും വേദികള്‍ പങ്കിട്ടു, പേജുകള്‍ പങ്കിട്ടു, സംയുക്ത ഗ്രന്ഥരചനയും നടത്തി, ബിദ്അത്തും സുന്നത്തും പരസ്പരം വിരുന്നൊരുക്കി പച്ചപ്പരവതാനി വിരിച്ചു സ്വീകരിച്ചു. ഖുറൈശികളുടെ നേതൃത്വത്തില്‍ മദീനയെ വിഴുങ്ങാന്‍ വന്ന സഖ്യശക്തികളെ ഓര്‍മിപ്പിക്കുന്നതായിരുന്നു തിരുശേഷിപ്പുകളെ എതിര്‍ക്കാന്‍ ചേളാരി സമസ്ത തട്ടിക്കൂട്ടിയ ഹറാംപിറന്ന മുന്നണി. ഖന്‍ദഖില്‍ എന്തു സംഭവിച്ചോ അതുതന്നെ ഈ അവിശുദ്ധ മുന്നണിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നു.
ചേളാരി സമസ്തയുടെ ഞെളിയന്‍പറമ്പ് മുന്നണിക്കെതിരെ സുന്നിപ്രസ്ഥാനവും കാന്തപുരവും ഒറ്റക്കായിരുന്നു. പൊതുസമൂഹം തെറ്റിദ്ധരിക്കാതിരിക്കാന്‍ അന്ന് ഇവരുന്നയിച്ച മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പ്രാഥമികമായി മറുപടി പറഞ്ഞതാണ്. അതിനപ്പുറം ഈ ചുളയില്ലാ വിവാദത്തിനു പിന്നാലെ കൂടേണ്ട എന്നായിരുന്നു സുന്നി നേതൃത്വത്തിന്റെ നിലപാട്. ആ സമസ്തക്കാര്‍ കൊണ്ടുവരുന്ന വിവാദങ്ങളുടെ വാലാകേണ്ട എന്നത് നേരത്തെയുള്ള നയമപരമായ നിലപാടായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി ആ സംഘടനയുടെ മുഖ്യ ഏര്‍പ്പാട് വിവാദങ്ങള്‍ സൃഷ്ടിക്കുക മാത്രമാണ്. നാടിനോ സമുദായത്തിനോ വേണ്ടി ഒന്നും ചെയ്യാനില്ലാതെ, വ്യാവസായികാടിസ്ഥാനത്തില്‍ വിവാദങ്ങള്‍ ഉത്പാദിപ്പിക്കുന്ന നിത്യശല്യങ്ങള്‍. ഇവര്‍ അര്‍ഹിക്കുന്നത് അവഗണന എന്ന മുന്തിയ പരിഗണന മാത്രമാണ്. അതു ലോഭമില്ലാതെ നല്‍കിപ്പോന്നിട്ടുമുണ്ട്.
തിരുകേശ വിവാദത്തില്‍ സുന്നി പ്രസ്ഥാനം പ്രതിസ്ഥാനത്തായിരുന്നു. എന്നിട്ടും പരിധിക്കപ്പുറം വിവാദം പേറേണ്ട എന്നു തീരുമാനിച്ചതിനു കാരണങ്ങളുണ്ട്. തിരുകേശവും മറ്റു തിരുശേഷിപ്പുകളും തീര്‍ത്തും മതകീയവും ആത്മീയവും സമുദായത്തിനകത്തു മാത്രം ചര്‍ച്ച ചെയ്യേണ്ടതുമായ വിഷയമാണ്. പൊതുസമൂഹത്തിന് ഒട്ടും താത്പര്യമില്ലാത്ത ഇത്തരം വിഷയങ്ങള്‍ സമൂഹമധ്യത്തിലേക്കു വലിച്ചിഴക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. ഒരു ബഹുസ്വര- ബഹുമത സമൂഹത്തില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചക്കിടുന്നത് ഇസ്‌ലാമിലെ ആത്മീയ ദര്‍ശനങ്ങള്‍ തെറ്റിദ്ധരിക്കാനും അവമതിക്കപ്പെടാനും കാരണമാകും. മതവും ആത്മീയതയുമൊക്കെ വ്യക്തികേന്ദ്രീകൃതമായിരിക്കണം എന്നു കരുതുന്ന ഒരു സാമൂഹിക സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. പെണ്‍കുട്ടികള്‍ക്കു വ്യഭിചരിക്കാന്‍ പതിനാറ് വയസ്സ് മതിയെന്നും വിവാഹിതരാകാന്‍ പതിനെട്ട് വയസ്സ് വേണമെന്നും കരുതുന്ന നാടാണിത്, മദ്യവും പലിശയും ചൂതാട്ടവും തുടങ്ങി സകല തിന്മകളും ഇവിടെ പൊതുധാരയുടെ ഭാഗമാണ്. ഇത്തരമൊരു സാമൂഹികാവസ്ഥയില്‍ തിരുശേഷിപ്പുകളെ സംബന്ധിച്ച പൊതു ചര്‍ച്ച സമുദായത്തിനു ചീത്തപ്പേര് മാത്രമാകും നേടിത്തരിക.
ഇസ്‌ലാമില്‍ തന്നെ തിരുശേഷിപ്പുകളുടെ വിഷയം മതത്തിന്റെ മൗലികമായ ഒരാശയമല്ല; തീര്‍ത്തും ഐച്ഛികമാണ്, നിസ്‌കാരമോ നോമ്പോ സകാത്തോ പോലെ ‘മുഹ്കമാതി’ല്‍(വിധിവിലക്കുകളില്‍) ഉള്‍പ്പെടുന്നതല്ല. ഇത് ‘തഅഌമിന്റെയും തബര്‍റുകി’ന്റെയും(ആദരവിന്റെയും പുണ്യം തേടലിന്റെയും) വിഷയമാണ്. ഇവ്വിഷയത്തില്‍ മതം ആരെയും നിര്‍ബന്ധിക്കുന്നില്ല. മതത്തിനകത്തുതന്നെ നിര്‍ബന്ധശാസനയില്ലാത്ത ഒരു കാര്യത്തില്‍ എന്തിനു പൊതുസമൂഹത്തിനു മുമ്പില്‍ ചെന്നു പോരടിക്കണം? പല തരം വെല്ലുവിളികള്‍ക്കും അവശതകള്‍ക്കും നടുവിലാണ് മുസ്‌ലിം സമുദായം, ഭീഷണമായ ഇത്തരമൊരു ചുറ്റുപാടില്‍ തമ്മില്‍ തല്ലാനും വഴക്കിടാനുമുള്ള അവസരങ്ങളല്ല; ഒന്നിച്ചു നില്‍ക്കാനുള്ള സാധ്യതകളാണ് അന്വേഷിക്കേണ്ടത്. ഇത്തരം വൃഥാവിവാദങ്ങള്‍ നിലവിലുള്ള മുറിവിന്റെ ആഴവും പരപ്പും കൂട്ടാനേ സഹായിക്കൂ.
മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ടാണ് ചേളാരി സമസ്തയിലെ വികാരജീവികള്‍ കൂകിയാര്‍ത്തു വന്നപ്പോള്‍ അതവഗണിക്കാന്‍ തീരുമാനിച്ചത്. പക്ഷേ, സമ്മതിച്ചില്ല; അസത്യങ്ങളും അര്‍ധസത്യങ്ങളും നാടാകെ പറഞ്ഞുപരത്താന്‍ തുടങ്ങി, കുപ്രചാരണങ്ങള്‍ കെട്ടഴിച്ചുവിട്ടു, അപവാദപ്രചാരണത്തിനു സ്ഥിരം വേദികളുയര്‍ന്നു, ഇതിനുവേണ്ടി അവിശുദ്ധ കൂട്ടുകെട്ടുകള്‍ രൂപപ്പെട്ടു, മതപ്രമാണങ്ങള്‍ ദൂര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും മഹത്തുക്കള്‍ അവമതിക്കപ്പെടുകയും പൊതു സമൂഹം തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്തു. പേ പിടിച്ചിറങ്ങിയതു പോലെ ഒരു തരം വേട്ടയായിരുന്നു. സഹികെട്ടപ്പോള്‍ പ്രതികരിച്ചു. 2011ലെ റമസാന്‍ വരെയുള്ള അഞ്ചാറ് മാസക്കാലം ശരിക്കും അലക്കി. പ്രസംഗത്തിനു പ്രസംഗം, ലേഖനത്തിനു ലേഖനം, ചുവരിനു ചുവര്, ഖണ്ഡനത്തിനു ഖണ്ഡനം, സംവാദം, ചോദ്യങ്ങള്‍ക്കെല്ലാം മറുപടി, സംശയങ്ങള്‍ക്കെല്ലാം നിവാരണം-ഉരുളക്കുപ്പേരി പോലെ.
പൈശാചിക പിന്തുണ പോയതുകൊണ്ടാകണം; റമസാനോടെ അലമ്പൊടുങ്ങി. റമസാന്‍ കഴിയുകയും പിശാചുക്കളെ കെട്ടഴിച്ചു വിടുകയും ചെയ്തതോടെ ഒരു സമ്മേളനം വിജയിപ്പിക്കാനുള്ള ഗര്‍ഭവും പേറി വീണ്ടുമതാ ചേളാരി സമസ്ത ഇഴഞ്ഞുവരുന്നു! അന്നു വിട്ടതാണ് സുന്നി പ്രസ്ഥാനം ഈ കേസ്. ഒന്നര വര്‍ഷമായി ഒരക്ഷരം മിണ്ടിയിട്ടില്ല. ഒരു വരിയും എഴുതിയിട്ടുമില്ല. എന്നിട്ടിപ്പോള്‍ നിറുത്താന്‍ സമയമായിപോലും! എങ്കില്‍ നിറുത്തിപ്പോ മാഷേ! അല്ലെങ്കില്‍ നിങ്ങള്‍ നിറുത്തിയാലെന്ത്, തുടര്‍ന്നാലെന്ത്? കലക്കാന്‍ ഒരു ചളിക്കുളമില്ലെങ്കില്‍ നിലനില്‍പ്പില്ലാത്ത പാര്‍ട്ടിയാണ് നിങ്ങളുടെത്, ഇതല്ലെങ്കില്‍ മറ്റൊരു മുസീബത്തുമായി നിങ്ങള്‍ വരും- ഓരോ നിയോഗം!
നിറുത്താന്‍ വന്നയാളുടെ ലേഖനം വായിച്ചുനോക്കുമ്പോഴാണതിശയം. ചിതലും പൊടിയും തട്ടി വീണ്ടും തുടങ്ങാനുള്ള പുറപ്പാടാണ്. എന്തോ പുതിയ കണ്ടെത്തലുകള്‍ ഉണ്ടായിരിക്കുന്നുവെന്നു കേട്ടപ്പോള്‍ വായിച്ചുനോക്കി- വീഞ്ഞ് പഴയതു തന്നെ. ദോഷം പറയരുതല്ലോ; കുപ്പി പുതിയതാണ്. ആദ്യത്തെ ആറ് മാസം പറഞ്ഞുനടന്നതുതന്നെയാണു പിന്നീടുള്ള ഒന്നര വര്‍ഷം ഓക്കാനം കൂടാതെ ആവര്‍ത്തിച്ചത്. അതേ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ഉരുക്കഴിക്കുന്നത്, മിമിക്രി താരങ്ങളെപ്പോലെ സ്വരവും ഭാവവും മാറിയിട്ടുണ്ടെന്നു മാത്രം. ‘പ്രാമാണികം’ എന്ന പദം നിരന്തരമായി ഉപയോഗിച്ചതു കണ്ടു. ലേഖനത്തിലാണെങ്കില്‍ ഒരു പ്രമാണവും അരവരിയും കാണുന്നുമില്ല. ആകെയൊന്നു വായിച്ചപ്പോഴാണു ‘പ്രാമാണികം’ പിടികിട്ടിയത്- ‘വലാ തജസ്സസൂ’ എന്നു വിശുദ്ധ ഖുര്‍ആന്‍ നിരോധിച്ച കാര്യമാണു പ്രമാണമായി കൊണ്ടുവന്നിരിക്കുന്നത്! കട്ടുകേള്‍ക്കല്‍, കട്ടുനോട്ടം, വ്യക്തിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിക്കല്‍ ഇതൊക്കെയാണ് ഖുര്‍ആന്‍ നിരോധിച്ച തജസ്സുസ്. ഇതാണു തിരുകേശ വിവാദത്തിലെ പുതിയ തെളിവുകള്‍! അല്ലാഹുവിലഭയം. ഇതേതാ ജാതി?


കടപ്പാട്  : സിറാജ് ലൈവ് .കോം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹസനിയ്യയിലെ അതിഥികള്‍