2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

പ്രമാണങ്ങളറിയാത്ത പ്രാമാണികന്മാര്‍

 കടപ്പാട് ; ഓ. എം .തരുവണ  -- സിറാജ് ലൈവ് .കോം

രണ്ട് വര്‍ഷം മുമ്പ് ഇവരുന്നയിച്ച പ്രശ്‌നങ്ങള്‍ അക്കമിട്ടു പറയാം; ഇതല്ലാത്ത പുതിയതെന്തെങ്കിലും ഇപ്പോള്‍ പറയുന്നുണ്ടോ എന്നു വായനക്കാര്‍ പരിശോധിച്ചു നോക്കണം. ഒന്ന്: തിരുശേഷിപ്പുകളെ ആദരിക്കാനും അതുകൊണ്ടു ബറകത്തെടുക്കാനും സനദ്(കൈമാറ്റ പരമ്പര) കണ്ടു ബോധ്യപ്പെടണം. രണ്ട്: മര്‍കസില്‍ സൂക്ഷിച്ചിരിക്കുന്ന തിരുകേശങ്ങള്‍ക്കു സനദില്ല. മൂന്ന്: മര്‍കസിലുള്ള സനദ് ശരിയല്ല; അത് ഏതോ ഒരു സഖാഫി എഴുതിയുണ്ടാക്കിയതാണ്, അല്ല; ഖാദിരിയ്യഃ സില്‍സിലയുടെ പകര്‍പ്പാണ്. നാല്: മര്‍കസിനു തിരുകേശം കൈമാറിയ ശെയ്ഖ് ഖസ്‌റജിയും ജാലിയാവാലയും സ്വീകാര്യരല്ല. അഞ്ച്: തിരുകേശം മുക്കിയ ജലം വിറ്റ് മര്‍കസ് സാമ്പത്തിക നേട്ടമുണ്ടാക്കി. ആറ്: തിരുകേശത്തിന്റെ മറവില്‍ ജനങ്ങളെ കബളിപ്പിച്ചു പണം പിരിച്ചു മസ്ജിദ് നിര്‍മിക്കുന്നു. വരട്ടിയും കറിവെച്ചും പൊരിച്ചും നിറുത്തിപ്പൊരിച്ചും രണ്ട് വര്‍ഷമായി വിളമ്പിക്കൊണ്ടിരിക്കുന്ന വിഭവങ്ങള്‍ ഈ അഞ്ചാറ് ആക്ഷേപങ്ങളാണ്. ഇതിനൊക്കെ മറുപടി പറഞ്ഞു തുലച്ചുവിട്ടതുമാണ്. ആവര്‍ത്തിക്കുന്നവര്‍ക്കു നാണവും മാനവും ഇല്ലെന്നു കരുതി കേള്‍ക്കുന്നവര്‍ക്ക് അതില്ല എന്നു കരുതരുത്. പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്രെ! വെളിപ്പെടുത്തലുകളും വെളിക്കുപോക്കുമൊക്കെ നല്ലതാണ്. വെളിക്കുപോകേണ്ടത് അകത്തുതന്നെ കെട്ടിക്കിടക്കുന്നതുകൊണ്ടാണ് അതിങ്ങനെ വായിലൂടെ പുറത്തുവരുന്നത്.ഇതു സംഭവിക്കാതിരിക്കാനാണു ജനങ്ങള്‍ ദിവസം രണ്ട്‌നേരം വെളിക്കുപോകുന്നത്- കഥയില്ലാത്ത ഖൗമ്!

   ഈ വൈസ് ചാന്‍സ്‌ലര്‍ മുഴുത്ത നാടന്‍ ന്യായങ്ങള്‍ വച്ചാണു മതം പറയുന്നത്, പണ്ഡിതന്മാരാണെങ്കില്‍ കിതാബ് കൊണ്ടു സംസാരിക്കണം. തിരുശേഷിപ്പുകള്‍ കൊണ്ടു ബറകത്തെടുക്കുന്നതിനും അതിനെ ആദരിക്കുന്നതിനും സനദ് കണ്ടു ബോധ്യപ്പെടണമെന്ന് ഇസ്‌ലാമിലെ ഏതു പ്രമാണമാണു നിഷ്‌കര്‍ഷിക്കുന്നത?~’പ്രാമാണികമായി’ തെളിയിക്കപ്പെട്ടതാണ്, ‘പ്രാമാണികമായി’ പറഞ്ഞതാണ് എന്നിങ്ങനെ ‘പ്രമാണം’ ആവര്‍ത്തിക്കുന്നുണ്ടല്ലോ മി. ബഹാഉദ്ദീന്‍. പ്രമാണങ്ങള്‍ നിരത്തിവെച്ചു മറുപടി പറയണം- താങ്കള്‍ പറയുന്നതുപോലുള്ള ഒരു ശാസന ഇസ്‌ലാമിലുണ്ടോ? സനദ് കാണുകയോ ഉറപ്പിക്കുകയോ ചെയ്യാതെ പൂര്‍വസൂരികളായ മഹാന്മാര്‍ തിരുശേഷിപ്പുകള്‍കൊണ്ടു ബറകത്തെടുത്തതിനു ഡസന്‍ കണക്കിനു തെളിവുകള്‍ തരാം; പ്രാമാണികമായിത്തന്നെ, അംഗീകരിക്കുമോ? നിസ്‌കാരത്തില്‍ ഫാതിഹഃ നിര്‍ബന്ധമാണെന്നും ളുഹറ് നിസ്‌കാരം നാല് റക്അത്താണെന്നും ഹദീസുകള്‍ കൊണ്ടു സ്ഥിരപ്പെട്ടതാണ്. നിസ്‌കരിക്കുന്നവരെല്ലാം ഈ ഹദീസുകളും അതിന്റെ സനദും കണ്ടു ബോധ്യപ്പെടണമെന്നു ഇസ്‌ലാമില്‍ ഒരു നിയമവുമില്ല. അതു മുഹദ്ദിസുകളുടെയും(ഹദീസ് ശാസ്ത്രജ്ഞന്മാര്‍) മുജ്തഹിദുകളായ ഇമാമുകളുടെയും കാര്യമാണ്. മൗലിക പ്രധാനമായ ഇത്തരം വിഷയങ്ങളില്‍ പോലും സനദ് പരിശോധിക്കാന്‍ സാധാരണക്കാര്‍ക്കോ പണ്ഡിതന്മാര്‍ക്കു പോലുമോ ബാധ്യതയില്ലെന്നിരിക്കെ ഐച്ഛികമായ ഒരു വിഷയത്തില്‍ സനദ് കണ്ടു ബോധ്യപ്പെടണം എന്ന വാദം അനിസ്‌ലാമികമല്ലേ? ഇവരേതു ഗോശാലയില്‍ പോയിട്ടാണു മതം പഠിച്ചത്? മി. ബഹാഉദ്ദീന്‍, താങ്കള്‍ വൈസ് ചാന്‍സലറായിക്കോളൂ; വെയ്സ്റ്റ് ചാന്‍സലറാകരുത്.
രാജ്യത്തിനകത്തും പുറത്തുമായി ധാരാളം കേന്ദ്രങ്ങളില്‍ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചുവരുന്നുണ്ട്. ഈ സൂക്ഷിപ്പുകാരുടെ കൈവശം കൈമാറ്റരേഖകളുണ്ടെങ്കില്‍ അതുപോലെ, മതിയായ കൈമാറ്റരേഖ മര്‍കസും സൂക്ഷിച്ചിട്ടുണ്ട്. തര്‍ക്കമുള്ളവര്‍ക്കു പരിശോധിക്കാം. ശരിയായ സനദല്ല എന്നു തോന്നുന്നവര്‍ക്ക് അക്കാര്യം ചൂണ്ടിക്കാണിക്കാം; പ്രാമാണികമായിരിക്കണമെന്നു മാത്രം- വായ്ത്താരി പോര. മര്‍കസിലെ രേഖ ഖാദിരിയ്യാ ത്വരീഖത്തിന്റെ സില്‍സിലയാണത്രെ. ശരിയല്ല, അല്ല; ഖാദിരിയ്യാ ത്വരീഖത്തിന്റെ സില്‍സില വഴി തിരുശേഷിപ്പുകള്‍ വരാന്‍ പാടില്ല എന്നു ഏതു പ്രമാണമാണ് ഉത്തരവായിരിക്കുന്നത്? തിരുശേഷിപ്പുകള്‍ മതപരമായ വിഷയമാണ്. ഹദീസുകളിലും വ്യാഖ്യാനങ്ങളിലും പൂര്‍വികരുടെ കിതാബുകളിലും സ്വാഭാവികമായും ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നിട്ടുണ്ട്. ഇവ്വിഷയം പഠിക്കാനിറങ്ങിയപ്പോള്‍ വെറും കോളമിസ്റ്റായ ഈ ലേഖകന്‍ മുപ്പതോളം ഗ്രന്ഥങ്ങള്‍ ‘റഫര്‍’ ചെയ്തിട്ടുണ്ട്. ‘പ്രാമാണികം’ എന്നു തലങ്ങും വിലങ്ങും പറയുന്ന വൈസ് ചാന്‍സലറും അയാളുടെ തലവനായ ചാന്‍സ്‌ലറും സകല മുസ്‌ല്യാര്‍മാരും ഒരു സമസ്ത അപ്പാടെയും തലകുത്തി നിന്നിട്ടും രണ്ട് വര്‍ഷമായി അര വരി പ്രാമാണം എവിടെയും ഉദ്ധരിച്ചു കാണുന്നില്ല! പണ്ഡിതസമൂഹത്തിനു ചീത്തപ്പേരു വീഴാതിരിക്കാന്‍ ഇവര്‍ തലപ്പാവഴിച്ചു വെക്കണം, ജീവിക്കാന്‍ മറ്റെന്തൊക്കെ വഴികളുണ്ട്. മര്‍കസിനു തിരുകേശങ്ങള്‍ കൈമാറിയ ശെയ്ഖ് ഖസ്‌റജിയും ജാലിയാവാലയും അയോഗ്യരാണെന്ന് ഇവര്‍ തുടക്കം മുതലേ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. എല്ലാം ‘പ്രാമാണിക’മായി പറയുന്നവരായതുകൊണ്ടു ചോദിക്കുകയാണ്; തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിനും കൈമാറുന്നതിനും ഈ വ്യക്തികള്‍ക്കുള്ള മതപരമായ അയോഗ്യത എന്താണ്? മറുപടി പ്രാമാണികവും വസ്തുതാപരവും ആകണേ! ‘തിരുകേശം മുക്കിയ ജലം വിറ്റു കാശു വാങ്ങി’ എന്ന ആക്ഷേപം ശുദ്ധ നുണയാണ്. ഗീബല്‍സിയന്‍ തത്വം രാഷ്ട്രീയക്കാര്‍ക്കു ചേരും, രാഷ്ട്രീയത്തിനു കൂട്ടുകിടക്കുന്നവര്‍ക്കും ചേരും. താടിയും തലപ്പാവും വെച്ച പണ്ഡിതവേഷങ്ങള്‍ ഗീബല്‍സിയന്‍ തത്വം പ്രയോഗിച്ചാല്‍ അതിനു പ്രയോഗിക്കേണ്ട ഭാഷ വേറെയാണ്.
തിരുകേശത്തെചൊല്ലി സമസ്തയിലെ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടത്രെ! ഇതും തുടക്കം മുതല്‍ പറഞ്ഞുകേട്ടതിന്റെ തനിയാവര്‍ത്തനമാണ്. പൊന്മള ഉസ്താദ് മുതല്‍ താജുല്‍ഉലമയുടെ വരെ പേരുകള്‍ ഈ ആക്ഷേപത്തില്‍ പറഞ്ഞുകേട്ടിട്ടുണ്ട്. സമസ്തയിലെ ഉലമാഇനെക്കുറിച്ച് ഇവരെന്താ ധരിച്ചത്, ആള്‍ക്കൂട്ടത്തിലെ കമ്മുകളാണെന്നോ? വിശ്രുതനായ വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ സ്ഥാപിച്ച മഹാപ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരാണിവര്‍. ഏതോ രാഷ്ട്രീയ പാര്‍ട്ടി തങ്ങള്‍ക്കു സിന്ദാബാദ് വിളിക്കാന്‍ തട്ടിക്കൂട്ടിയ കെട്ടുവേഷങ്ങളല്ല. മഹാമനീഷികളായ പാങ്ങും പതിയും അബ്ദുല്‍ബാരി തങ്ങളും കെട്ടിപ്പടുത്ത മഹാപ്രസ്ഥാനത്തെ ഒരു പാര്‍ട്ടിക്കുവേണ്ടി കുത്തിപ്പിളര്‍ത്തിയപ്പോള്‍ കോടികളുടെ ബേങ്ക് ബാലന്‍സിനു പിന്നില്‍ ചുരുണ്ടുകൂടിയവരല്ല സമസ്തയുടെ ഉലമാക്കള്‍, ഖാളീഖുളാത്ത് സ്ഥാനമാനങ്ങളും പാര്‍ട്ടിയാപ്പീസിലെ വിരുന്നും കണ്ടു ആദര്‍ശം ചുരുട്ടിക്കെട്ടി അട്ടത്തിട്ടവരുമല്ല. സകലം ഉപേക്ഷിച്ച് ഒരാദര്‍ശത്തിനുവേണ്ടി വെറും കൈയുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങാന്‍ ചങ്കുറപ്പ് കാണിച്ചവരാണ്. ഈ പണ്ഡിതന്മാരെ വെച്ച് ഊഹക്കഥകള്‍ മെനയുന്നതു മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്‌നമാണ്, വിഷയത്തില്‍ നിലപാടെന്തെന്നു സമസ്ത മുശാവറ ഏകസ്വരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മര്‍കസ് പ്രൊമോട്ട് ചെയ്യുന്ന പരിപാടികള്‍ക്കും പദ്ധതികള്‍ക്കും സമൂഹത്തിന്റെ തുറന്ന പിന്തുണയും കലവറയില്ലാത്ത സഹകരണവുമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും ഇതര മതവിഭാഗങ്ങളും ഉദാരമായിട്ടാണ് മര്‍കസിനോട് ഈ വിഷയത്തില്‍ സഹകരിക്കുന്നത്. ഹെറിറ്റേജ് മ്യൂസിയവും മസ്ജിദും ഉള്‍പ്പെടുന്ന മര്‍കസ് നോളജ്‌സിറ്റി പദ്ധതിയുടെ ശിലയിടല്‍ ചടങ്ങുകള്‍ കണ്ണ് തുറന്നു കണ്ടില്ലേ? മുഖ്യമന്ത്രിയും നാലഞ്ച് മന്ത്രിമാരും നിരവധി ജനപ്രതിനിധികളും വിവിധ മത-സാമൂഹിക-രാഷ്ട്രീയ നേതാക്കളും കൂട്ടത്തോടെയാണ് പങ്കെടുത്തത്. ഈ പരിപാടി നല്‍കുന്ന സന്ദേശം വ്യക്തമാണ്; കേരളം ഒറ്റക്കെട്ടായി മര്‍കസിന്റെ പദ്ധതിക്കു പിന്നിലുണ്ട്. പദ്ധതി പ്രദേശത്തേക്കു വിശാലമായ പാതയുള്‍പ്പെടെ പല സഹായങ്ങളും ആ വേദിയില്‍ വെച്ചു സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇത്തരമൊരു പദ്ധതിക്കെതിരെയാണ് അസൂയയും വിദ്വേഷവും കൊണ്ടു പ്രജ്ഞ നശിച്ച ഒരുപിടി അന്തംകമ്മികള്‍ ഇറങ്ങിയിരിക്കുന്നത്. ഇവരെ വഷളാക്കാന്‍ പടച്ചതമ്പുരാന്‍ തീരുമാനിച്ചതാണ്. ആരും വിചാരിച്ചിട്ടു കാര്യമില്ല; രക്ഷപ്പെടില്ല.
പണ്ഡിതന്മാരെക്കുറിച്ചു കേശാലു, കേശകൂടാരം എന്നിങ്ങനെയാണ് ഒരു വൈസ് ചാന്‍സലറുടെ ഭാഷ, ഇതേതാ സംസ്‌കാരം; ഇയാളുടെ സമനില പോയോ? സംസ്ഥാനത്തിന്റെ അതിര്‍ത്തി കടന്നാല്‍ നാവു കുഴയുകയും ബോധം മറയുകയും ചെയ്യുന്നയാളാണെന്ന് അനുഭവസ്ഥര്‍ രേഖപ്പെടുത്തിവെച്ചത് വായിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാനത്തിനകത്തായാലും അതുതന്നെയാണോ അവസ്ഥ? ഇടക്കിടെ ‘മാഹി’ യെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതു കേട്ടപ്പോള്‍ തോന്നിയതാണേ- ഇല്ലെങ്കില്‍ വിട്ടു. പിന്നെ; കോടതി, കേസ് എന്നൊക്കെ പറഞ്ഞു വിരട്ടാനുള്ള ശ്രമമുണ്ടല്ലോ; സമസ്തയോടു വേണ്ട, കോടതിയും കേസും ചേളാരിയിലെ തട്ടിന്‍പുറത്തു നടക്കുന്ന ഉപജാപക ഏര്‍പ്പാടൊന്നുമല്ല. കണ്ണുരുട്ടി പേടിപ്പിക്കാന്‍ ഇത് വെള്ള കാണുമ്പോള്‍ ഉടുമുണ്ട് നനയുന്ന ലീഗുമല്ല.
കാന്തപുരത്തിന്റെ രക്തത്തിനു വേണ്ടിയാണ് ഈ ദാഹമെങ്കില്‍ പാഴ്ജന്മം എന്നേ പറയാനുള്ളൂ. 20 വര്‍ഷം മുമ്പ് ഒരു തുള്ളിക്കുവേണ്ടി ദാഹിച്ചു മോഹിച്ചു തൊണ്ടപൊട്ടി മരിച്ചു ഖബറടങ്ങിയവരുണ്ട് ആ കൂട്ടത്തില്‍, ആ മീസാന്‍ കല്ലുകള്‍ ഒന്നിളക്കി നോക്ക്; തോല്‍വിയുടെ കഥ പറഞ്ഞുതരും. കേരളത്തിനകത്തെ ഇത്തിരി വട്ടത്തില്‍ കഴിഞ്ഞിരുന്ന കാന്തപുരത്തെ നേരിടാന്‍ അന്നിറങ്ങിയത് വമ്പന്മാരും കൊമ്പന്മാരുമായിരുന്നു; ഇന്നത്തെ പരല്‍മീനുകളല്ല. ആ മഹാസമുദ്രങ്ങള്‍ നീന്തിക്കയറിവന്ന കാന്തപുരം ഇന്ന് രാജ്യത്തിനകത്തും പുറത്തും പണ്ഡിത ലോകത്തും നിറഞ്ഞുനില്‍ക്കുന്ന ആഗോള വ്യക്തിത്വമാണ്. ഈ കാന്തപുരത്തെ നേരിടാന്‍, പയ്യന്മാര്‍ക്ക് 5-ാം ക്ലാസില്‍ പ്രവേശനം കൊടുക്കുന്ന ഒരു വിശ്വോത്തര യൂനിവേഴ്‌സിറ്റിയുടെ വെയ്സ്റ്റ് ചാന്‍സലറും കമ്പനിയും- വെളിവില്ലാതെ പോയാലെന്തു ചെയ്യും! ‘ആഗോള പണ്ഡിത സഭാംഗം’ എന്ന അടിക്കുറിപ്പ് ലേഖനത്തിനൊടുവിലെല്ലാം ആവര്‍ത്തിക്കുന്നതിനു പകരം ബോര്‍ഡെഴുതി കഴുത്തില്‍ കെട്ടിത്തൂക്കി നടക്കുന്നതു കൊള്ളാം. ബോര്‍ഡെഴുതുമ്പോള്‍ ഈ ആഗോളന്‍ യൂസുഫുല്‍ ഖര്‍ളാവി നേതൃത്വം വഹിക്കുന്നതാണെന്ന കാര്യം കൂടി എഴുതാന്‍ മറക്കരുത്, വര്‍ഗം തിരിച്ചറിയാന്‍ ഉപകരിക്കും. (ഈ ലേഖകന്‍ ആഗോള പണ്ഡിതസഭാംഗമല്ല).

2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

തിരുകേശവിവാദം നിറുത്താന്‍ സമയമായ് പോലും…

ഒ എം തരുവണ

 | സിറാജ് ലൈവ് .കോം



 തിരുകേശ വിവാദം നിറുത്താന്‍ സമയമായിരിക്കുന്നുവെന്നാണ് ബഹാഉദ്ദീന്‍ കൂരിയാട് പറയുന്നത്. തുടങ്ങിയ ആളിനു തന്നെ നിറുത്താന്‍ സമയമായിരിക്കുന്നുവെന്നു തോന്നുന്നുവെങ്കില്‍ നല്ല കാര്യമാണ്. നാട്ടുകാരെ മുഴുവന്‍ വിളിച്ചുകൂട്ടി സമ്മതം ചോദിച്ചിട്ടൊന്നുമല്ലല്ലോ തുടങ്ങിയത്, അതുകൊണ്ട് അവസാനിപ്പിക്കാനും ഒരു പൊതുസമ്മതത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. രണ്ട് വര്‍ഷം മുമ്പാണ് ബഹാഉദ്ദീനും അയാളുടെ സമസ്തയും ഈ പാഴ്‌വിവാദം കെട്ടിപ്പേറിക്കൊണ്ടുവന്നത്. അന്ന് ഇവരുന്നയിച്ച മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും സുന്നീ പ്രസ്ഥാനം അക്കമിട്ടു മറുപടി പറഞ്ഞതാണ്; ഒന്നര വര്‍ഷം മുമ്പ് കഥകഴിച്ചു പെരുവഴിയിലുപേക്ഷിച്ചതുമാണ്. ഇപ്പോള്‍ നിറുത്താന്‍ സമയമായിരിക്കുന്നുവെന്നു തോന്നുന്നുവത്രെ. നല്ല കാര്യം വൈകിത്തോന്നിയെന്നു വെച്ചു കുറ്റപ്പെടുത്താനാകുമോ? നിറുത്താന്‍ സമയമായി എന്നു തോന്നിത്തുടങ്ങിയ സ്ഥിതിക്ക് അതെത്രയും നേരത്തെയാകുന്നതാണ് തുടങ്ങിയവര്‍ക്കും സമുദായത്തിനും നല്ലത്. ചില കാര്യങ്ങള്‍ക്കൊരു കുഴപ്പമുണ്ട്; നിറുത്താന്‍ എപ്പോള്‍ തോന്നിയോ അപ്പോള്‍ നിറുത്തിക്കൊള്ളണം, അമാന്തം കാണിച്ചാല്‍ പിന്നെ നിറുത്താന്‍ കഴിഞ്ഞെന്നു വരില്ല. ജീവിതം തന്നെ അതങ്ങെടുത്തുകോണ്ടുപോയെന്നു വരും!
പ്രഖ്യാപിച്ചിരിക്കുന്ന അറുപതാം വാര്‍ഷികം കൂടി തിരുകേശ വിവാദത്തിന്റെ ചെലവില്‍ വിജയിപ്പിച്ചെടുക്കാനാണ് വിചാരമെങ്കില്‍ അഞ്ചാറ് മാസം കൂടി സമുദായം സഹിക്കേണ്ടതായിവരും. തിരുകേശ വിവാദം കത്തിച്ചുകിട്ടിയ വെളിച്ചത്തിലാണ് ബഹാഉദ്ദീന്റെ സ്ഥാപന സമ്മേളനത്തില്‍ ചരിത്രത്തിലാദ്യമായി നാലാളുകൂടിയത്. കൂരിയാട് മേള കൊഴുപ്പിച്ചതും ഈ വിവാദപ്പുകമറയത്താണ്. മറ്റൊരജന്‍ഡയും പരിപാടിയും ജനങ്ങള്‍ക്കു മുമ്പില്‍ വെക്കാനില്ലാത്തതുകൊണ്ട് നാല്‍പ്പതില്ലാത്ത ഈ അറുപത് കൂടി ഒന്നു വേവിച്ചെടുത്തോട്ടെ എന്നാണ് പറയുന്നതെങ്കില്‍; സമുദായം പലതും സഹിക്കുന്നുണ്ട്, അക്കൂട്ടത്തില്‍ ഇതും, അല്ലാതെന്തു പറയാന്‍? രാഷ്ട്രീയത്തിലെ കൂട്ടുകിടപ്പുകൊണ്ടു കിട്ടിയതാകണം ഇത്തരം നാലാം കിട നമ്പറുകള്‍. രണ്ട് എം പിമാര്‍ മാത്രമുണ്ടായിരുന്ന ബി ജെ പി രാജ്യം ഭരിക്കുന്നിടത്തേക്കു വളര്‍ന്നത് അയോധ്യാ പ്രശ്‌നം ദേശീയ വിവാദമാക്കി മുന്നില്‍ നിറുത്തിക്കൊണ്ടാണ്. ബാബരി മസ്ജിദ് തകര്‍ത്തതാണ് ചരിത്രത്തില്‍ ആ പാര്‍ട്ടി ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്നു കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. മസ്ജിദ് മുന്നില്‍ വെച്ച് അയോധ്യാ പ്രശ്‌നം ലൈവായി നിലനിറുത്തിയിരുന്നുവെങ്കില്‍ ബി ജെ പിക്കിപ്പോള്‍ പ്രതിപക്ഷത്തിരിക്കേണ്ടിവരില്ലായിരുന്നത്രെ. തിരുകേശ വിവാദം ഇങ്ങനെ പൊന്‍മുട്ടയിടുന്ന താറാവാക്കിക്കൊണ്ടു നടക്കാനാണു പരിപാടിയെങ്കില്‍ സഹതപിക്കുക; അട്ടക്കു പൊട്ടക്കുളം.
ബഹാഉദ്ദീനും അയാളുടെ സമസ്തയും അയാളുടെ തന്നെ സ്വകാര്യ താത്പര്യമായ ജമാഅത്തെ ഇസ്‌ലാമിയും വഹാബി ഗ്രൂപ്പുകളും ചേര്‍ന്നാണ് ഈ അസംബന്ധ നാടകം കെട്ടിയെഴുന്നള്ളിച്ചത്. പിന്നീട് ഈ കൂട്ടായ്മയിലേക്കു വന്നുചേര്‍ന്ന കക്ഷികളുടെ പെരുപ്പവും വലിപ്പവും കോലവും കണ്ട് ശരിക്കും അമ്പരന്നുപോയി. ഖാദിയാനികള്‍, ചേകന്നൂരികള്‍, വ്യാജ ത്വരീഖത്തുകാര്‍, യുക്തിവാദികള്‍… എന്തൊരു ചേര്‍ച്ച! ചേളാരി സമസ്ത അതിന്റെ നിയോഗം അനുസരിച്ച് എത്തിച്ചേരേണ്ടിടത്തു തന്നെയാണ് എത്തിയതെന്ന് അന്നാണ് ബോധ്യപ്പെട്ടത്. അടിസ്ഥാനപരമായി തിരുകേശം ഇസ്‌ലാമിലെ ആത്മീയ വിഷയമാണ്. ഇസ്‌ലാമിലെ ആത്മീയതയേയും തിരുശേഷിപ്പുകളെയും നിരാകരിക്കുന്ന ബിദ്അത്തുകാരും എല്ലാത്തരം ആത്മീയതകളെയും എതിര്‍ക്കുന്ന ഭൗതികവാദികളും ചേളാരി സമസ്തയുടെ ബാനറില്‍ അണിനിരന്നു. കമ്യൂണിസത്തിന്റെ മതവിരോധം വരെ ഉപയോഗപ്പെടുത്താന്‍ ശ്രമമുണ്ടായിട്ടുണ്ട്; ക്ലിക്കായില്ലെന്നു മാത്രം.
കണ്ടുകൂടാത്തവരും തൊട്ടുകൂടാത്തവരും വേദികള്‍ പങ്കിട്ടു, പേജുകള്‍ പങ്കിട്ടു, സംയുക്ത ഗ്രന്ഥരചനയും നടത്തി, ബിദ്അത്തും സുന്നത്തും പരസ്പരം വിരുന്നൊരുക്കി പച്ചപ്പരവതാനി വിരിച്ചു സ്വീകരിച്ചു. ഖുറൈശികളുടെ നേതൃത്വത്തില്‍ മദീനയെ വിഴുങ്ങാന്‍ വന്ന സഖ്യശക്തികളെ ഓര്‍മിപ്പിക്കുന്നതായിരുന്നു തിരുശേഷിപ്പുകളെ എതിര്‍ക്കാന്‍ ചേളാരി സമസ്ത തട്ടിക്കൂട്ടിയ ഹറാംപിറന്ന മുന്നണി. ഖന്‍ദഖില്‍ എന്തു സംഭവിച്ചോ അതുതന്നെ ഈ അവിശുദ്ധ മുന്നണിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നു.
ചേളാരി സമസ്തയുടെ ഞെളിയന്‍പറമ്പ് മുന്നണിക്കെതിരെ സുന്നിപ്രസ്ഥാനവും കാന്തപുരവും ഒറ്റക്കായിരുന്നു. പൊതുസമൂഹം തെറ്റിദ്ധരിക്കാതിരിക്കാന്‍ അന്ന് ഇവരുന്നയിച്ച മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പ്രാഥമികമായി മറുപടി പറഞ്ഞതാണ്. അതിനപ്പുറം ഈ ചുളയില്ലാ വിവാദത്തിനു പിന്നാലെ കൂടേണ്ട എന്നായിരുന്നു സുന്നി നേതൃത്വത്തിന്റെ നിലപാട്. ആ സമസ്തക്കാര്‍ കൊണ്ടുവരുന്ന വിവാദങ്ങളുടെ വാലാകേണ്ട എന്നത് നേരത്തെയുള്ള നയമപരമായ നിലപാടായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി ആ സംഘടനയുടെ മുഖ്യ ഏര്‍പ്പാട് വിവാദങ്ങള്‍ സൃഷ്ടിക്കുക മാത്രമാണ്. നാടിനോ സമുദായത്തിനോ വേണ്ടി ഒന്നും ചെയ്യാനില്ലാതെ, വ്യാവസായികാടിസ്ഥാനത്തില്‍ വിവാദങ്ങള്‍ ഉത്പാദിപ്പിക്കുന്ന നിത്യശല്യങ്ങള്‍. ഇവര്‍ അര്‍ഹിക്കുന്നത് അവഗണന എന്ന മുന്തിയ പരിഗണന മാത്രമാണ്. അതു ലോഭമില്ലാതെ നല്‍കിപ്പോന്നിട്ടുമുണ്ട്.
തിരുകേശ വിവാദത്തില്‍ സുന്നി പ്രസ്ഥാനം പ്രതിസ്ഥാനത്തായിരുന്നു. എന്നിട്ടും പരിധിക്കപ്പുറം വിവാദം പേറേണ്ട എന്നു തീരുമാനിച്ചതിനു കാരണങ്ങളുണ്ട്. തിരുകേശവും മറ്റു തിരുശേഷിപ്പുകളും തീര്‍ത്തും മതകീയവും ആത്മീയവും സമുദായത്തിനകത്തു മാത്രം ചര്‍ച്ച ചെയ്യേണ്ടതുമായ വിഷയമാണ്. പൊതുസമൂഹത്തിന് ഒട്ടും താത്പര്യമില്ലാത്ത ഇത്തരം വിഷയങ്ങള്‍ സമൂഹമധ്യത്തിലേക്കു വലിച്ചിഴക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. ഒരു ബഹുസ്വര- ബഹുമത സമൂഹത്തില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചക്കിടുന്നത് ഇസ്‌ലാമിലെ ആത്മീയ ദര്‍ശനങ്ങള്‍ തെറ്റിദ്ധരിക്കാനും അവമതിക്കപ്പെടാനും കാരണമാകും. മതവും ആത്മീയതയുമൊക്കെ വ്യക്തികേന്ദ്രീകൃതമായിരിക്കണം എന്നു കരുതുന്ന ഒരു സാമൂഹിക സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. പെണ്‍കുട്ടികള്‍ക്കു വ്യഭിചരിക്കാന്‍ പതിനാറ് വയസ്സ് മതിയെന്നും വിവാഹിതരാകാന്‍ പതിനെട്ട് വയസ്സ് വേണമെന്നും കരുതുന്ന നാടാണിത്, മദ്യവും പലിശയും ചൂതാട്ടവും തുടങ്ങി സകല തിന്മകളും ഇവിടെ പൊതുധാരയുടെ ഭാഗമാണ്. ഇത്തരമൊരു സാമൂഹികാവസ്ഥയില്‍ തിരുശേഷിപ്പുകളെ സംബന്ധിച്ച പൊതു ചര്‍ച്ച സമുദായത്തിനു ചീത്തപ്പേര് മാത്രമാകും നേടിത്തരിക.
ഇസ്‌ലാമില്‍ തന്നെ തിരുശേഷിപ്പുകളുടെ വിഷയം മതത്തിന്റെ മൗലികമായ ഒരാശയമല്ല; തീര്‍ത്തും ഐച്ഛികമാണ്, നിസ്‌കാരമോ നോമ്പോ സകാത്തോ പോലെ ‘മുഹ്കമാതി’ല്‍(വിധിവിലക്കുകളില്‍) ഉള്‍പ്പെടുന്നതല്ല. ഇത് ‘തഅഌമിന്റെയും തബര്‍റുകി’ന്റെയും(ആദരവിന്റെയും പുണ്യം തേടലിന്റെയും) വിഷയമാണ്. ഇവ്വിഷയത്തില്‍ മതം ആരെയും നിര്‍ബന്ധിക്കുന്നില്ല. മതത്തിനകത്തുതന്നെ നിര്‍ബന്ധശാസനയില്ലാത്ത ഒരു കാര്യത്തില്‍ എന്തിനു പൊതുസമൂഹത്തിനു മുമ്പില്‍ ചെന്നു പോരടിക്കണം? പല തരം വെല്ലുവിളികള്‍ക്കും അവശതകള്‍ക്കും നടുവിലാണ് മുസ്‌ലിം സമുദായം, ഭീഷണമായ ഇത്തരമൊരു ചുറ്റുപാടില്‍ തമ്മില്‍ തല്ലാനും വഴക്കിടാനുമുള്ള അവസരങ്ങളല്ല; ഒന്നിച്ചു നില്‍ക്കാനുള്ള സാധ്യതകളാണ് അന്വേഷിക്കേണ്ടത്. ഇത്തരം വൃഥാവിവാദങ്ങള്‍ നിലവിലുള്ള മുറിവിന്റെ ആഴവും പരപ്പും കൂട്ടാനേ സഹായിക്കൂ.
മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ടാണ് ചേളാരി സമസ്തയിലെ വികാരജീവികള്‍ കൂകിയാര്‍ത്തു വന്നപ്പോള്‍ അതവഗണിക്കാന്‍ തീരുമാനിച്ചത്. പക്ഷേ, സമ്മതിച്ചില്ല; അസത്യങ്ങളും അര്‍ധസത്യങ്ങളും നാടാകെ പറഞ്ഞുപരത്താന്‍ തുടങ്ങി, കുപ്രചാരണങ്ങള്‍ കെട്ടഴിച്ചുവിട്ടു, അപവാദപ്രചാരണത്തിനു സ്ഥിരം വേദികളുയര്‍ന്നു, ഇതിനുവേണ്ടി അവിശുദ്ധ കൂട്ടുകെട്ടുകള്‍ രൂപപ്പെട്ടു, മതപ്രമാണങ്ങള്‍ ദൂര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും മഹത്തുക്കള്‍ അവമതിക്കപ്പെടുകയും പൊതു സമൂഹം തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്തു. പേ പിടിച്ചിറങ്ങിയതു പോലെ ഒരു തരം വേട്ടയായിരുന്നു. സഹികെട്ടപ്പോള്‍ പ്രതികരിച്ചു. 2011ലെ റമസാന്‍ വരെയുള്ള അഞ്ചാറ് മാസക്കാലം ശരിക്കും അലക്കി. പ്രസംഗത്തിനു പ്രസംഗം, ലേഖനത്തിനു ലേഖനം, ചുവരിനു ചുവര്, ഖണ്ഡനത്തിനു ഖണ്ഡനം, സംവാദം, ചോദ്യങ്ങള്‍ക്കെല്ലാം മറുപടി, സംശയങ്ങള്‍ക്കെല്ലാം നിവാരണം-ഉരുളക്കുപ്പേരി പോലെ.
പൈശാചിക പിന്തുണ പോയതുകൊണ്ടാകണം; റമസാനോടെ അലമ്പൊടുങ്ങി. റമസാന്‍ കഴിയുകയും പിശാചുക്കളെ കെട്ടഴിച്ചു വിടുകയും ചെയ്തതോടെ ഒരു സമ്മേളനം വിജയിപ്പിക്കാനുള്ള ഗര്‍ഭവും പേറി വീണ്ടുമതാ ചേളാരി സമസ്ത ഇഴഞ്ഞുവരുന്നു! അന്നു വിട്ടതാണ് സുന്നി പ്രസ്ഥാനം ഈ കേസ്. ഒന്നര വര്‍ഷമായി ഒരക്ഷരം മിണ്ടിയിട്ടില്ല. ഒരു വരിയും എഴുതിയിട്ടുമില്ല. എന്നിട്ടിപ്പോള്‍ നിറുത്താന്‍ സമയമായിപോലും! എങ്കില്‍ നിറുത്തിപ്പോ മാഷേ! അല്ലെങ്കില്‍ നിങ്ങള്‍ നിറുത്തിയാലെന്ത്, തുടര്‍ന്നാലെന്ത്? കലക്കാന്‍ ഒരു ചളിക്കുളമില്ലെങ്കില്‍ നിലനില്‍പ്പില്ലാത്ത പാര്‍ട്ടിയാണ് നിങ്ങളുടെത്, ഇതല്ലെങ്കില്‍ മറ്റൊരു മുസീബത്തുമായി നിങ്ങള്‍ വരും- ഓരോ നിയോഗം!
നിറുത്താന്‍ വന്നയാളുടെ ലേഖനം വായിച്ചുനോക്കുമ്പോഴാണതിശയം. ചിതലും പൊടിയും തട്ടി വീണ്ടും തുടങ്ങാനുള്ള പുറപ്പാടാണ്. എന്തോ പുതിയ കണ്ടെത്തലുകള്‍ ഉണ്ടായിരിക്കുന്നുവെന്നു കേട്ടപ്പോള്‍ വായിച്ചുനോക്കി- വീഞ്ഞ് പഴയതു തന്നെ. ദോഷം പറയരുതല്ലോ; കുപ്പി പുതിയതാണ്. ആദ്യത്തെ ആറ് മാസം പറഞ്ഞുനടന്നതുതന്നെയാണു പിന്നീടുള്ള ഒന്നര വര്‍ഷം ഓക്കാനം കൂടാതെ ആവര്‍ത്തിച്ചത്. അതേ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ഉരുക്കഴിക്കുന്നത്, മിമിക്രി താരങ്ങളെപ്പോലെ സ്വരവും ഭാവവും മാറിയിട്ടുണ്ടെന്നു മാത്രം. ‘പ്രാമാണികം’ എന്ന പദം നിരന്തരമായി ഉപയോഗിച്ചതു കണ്ടു. ലേഖനത്തിലാണെങ്കില്‍ ഒരു പ്രമാണവും അരവരിയും കാണുന്നുമില്ല. ആകെയൊന്നു വായിച്ചപ്പോഴാണു ‘പ്രാമാണികം’ പിടികിട്ടിയത്- ‘വലാ തജസ്സസൂ’ എന്നു വിശുദ്ധ ഖുര്‍ആന്‍ നിരോധിച്ച കാര്യമാണു പ്രമാണമായി കൊണ്ടുവന്നിരിക്കുന്നത്! കട്ടുകേള്‍ക്കല്‍, കട്ടുനോട്ടം, വ്യക്തിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിക്കല്‍ ഇതൊക്കെയാണ് ഖുര്‍ആന്‍ നിരോധിച്ച തജസ്സുസ്. ഇതാണു തിരുകേശ വിവാദത്തിലെ പുതിയ തെളിവുകള്‍! അല്ലാഹുവിലഭയം. ഇതേതാ ജാതി?


കടപ്പാട്  : സിറാജ് ലൈവ് .കോം

ഹസനിയ്യയിലെ അതിഥികള്‍