2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച

നിതാഖത്ത്: സൗദി ഭരണകൂടം ഉറപ്പ് നല്‍കി - കാന്തപുരം

നിതാഖത്ത് നിയമം മൂലം പ്രതിസന്ധിയിലായ സൗദിയിലെ ഇന്ത്യക്കാരുടെ കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കുമെന്നു മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലും സൗദി തൊഴില്‍കാര്യ വകുപ്പ് ഡയറക്റ്റര്‍ ജനറല്‍ ഡോ. അഹ്മദ് ഹുമൈദാനും ഉറപ്പുനല്‍കിയതായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. സൗദിയിലെ ഇന്ത്യന്‍ ജനതയുടെ ആശങ്കകള്‍ സൗദി സന്ദര്‍ശനത്തിനിടെ അറിയിച്ചപ്പോഴാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയതെന്നു കാന്തപുരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്‍റേതല്ലാത്ത കാരണത്താല്‍ വിസ കാലഹരണപ്പെട്ട ആളുകളെ ശിക്ഷിക്കാതെ നാട്ടിലേക്ക് പോകാനനുവദിക്കുക, നിതാഖത് നിയമം കാരണം തിരിച്ചയക്കപ്പെടുന്നവര്‍ക്കു സൗദിയടക്കമുളള ജിസിസി രാജ്യങ്ങളിലേക്കു തിരിച്ചുപോകാനുളള സാഹചര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മക്ക ഗവര്‍ണറോടും സൗദി തൊഴില്‍കാര്യവകുപ്പ് ഡയറക്റ്റര്‍ ജനറലിനോടും ഉന്നയിച്ചിട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കി. എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ എംബസിയുടെ സമീപനം ഏറെ അപലപനീയമാണ്. സൗദിയിലെ പുതിയ തൊഴില്‍ നിയമത്തെക്കുറിച്ചറിയാനോ അതനുസരിച്ച് പ്രവര്‍ത്തിക്കാനോ എംബസി തയാറാകുന്നില്ല. എംബസിയില്‍ നിന്നു വിവരങ്ങളൊന്നും തന്നെ ലഭിക്കുന്നില്ലെന്നാണു ഡല്‍ഹിയില്‍വച്ചു കണ്ടപ്പോള്‍ കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞത്. സൗദിയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയിട്ടില്ല. മറിച്ച് അവിടത്തെ സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനം സൗദി പൗരന്മാര്‍ക്കു ജോലി നല്‍കാനും സ്പോണ്‍സര്‍മാരല്ലാത്തവരുടെ കീഴില്‍ ജോലി ചെയ്യുന്നതു നിരോധിച്ചുകൊണ്ടും നിയമം കര്‍ശനമാക്കുകയുമായിരുന്നു. ഇതിലൂടെ സൗദിയിലെ വലിയ കമ്പനികള്‍ പോലും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണു അബ്ദുല്ല രാജാവിന്‍റെ നേരിട്ടുളള ഇടപെടലിലൂടെ നിയമം മൂന്നു മാസത്തേക്കു മരവിപ്പിച്ചത്. എന്നാല്‍ ആറു മാസമായാല്‍പ്പോലും അവിടെ ജോലി ചെയ്യുന്ന സാധാരണക്കാരുടെ സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമാണുളളത്- കാന്തപുരം പറഞ്ഞു. ഡോ. ഹുസൈന്‍ സഖാഫി ചുളളിക്കോട്, സയ്യിദ് തുറാബ് തങ്ങള്‍, ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി, എ. അഹമ്മദ്കുട്ടി ഹാജി, എന്‍.എം. സാദിഖ് സഖാഫി പെരുന്താറ്റിരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

See More Photos 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹസനിയ്യയിലെ അതിഥികള്‍