2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

തിരുകേശവും കാന്തപുരവും – വിമര്‍ശകരോട് അല്പം



കോഴിക്കോട്ടങ്ങാടിയില്‍ തിരുനബി (സ്വ) തങ്ങളുടെ തിരു കേശ സൂക്ഷിപ്പിന്നായ്‌ ഒരു മസ്ജിദു നിര്‍മിക്കുന്നു. അത് ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയാകും, നാല്‍പതു കോടി ആണ് അതിന്റെ നിര്‍മാണ ചെലവ്. ഈ വാര്‍ത്ത കേട്ടപ്പോള്‍ “മറ്റുള്ള എന്തിനേക്കാളും വലുത് പള്ള പ്രശ്നമാണെന്ന് വിചാരിക്കാത്ത” ഞാനടക്കമുള്ള സുന്നികളുടെ മനസ്സിലേക്ക് ആദ്യം വന്ന ചിന്ത കാന്തപുരം ഉസ്താദ് എങ്ങിനെ നാല്‍പതു കോടി ഉണ്ടാക്കും എന്നായിരുന്നില്ല. കാരണം വിമര്‍ശകര്‍ പറയുന്നത് പോലെ കാന്തപുരത്തിനും കൂട്ടര്‍ക്കും കോടികള്‍ ഒരു പ്രശ്നമല്ല എന്നത് കൊണ്ടല്ല . എല്ലാ സമ്പത്തും നല്‍കുന്നത് അല്ലാഹുവാണ്, അവനെ തവക്കുലാക്കി ഒരു വിഷയത്തിനു ഇറങ്ങുന്നവര്‍ക്ക് വിജയം സുനിശ്ചിതം എന്ന് വിശ്വസിക്കുന്ന കൂട്ടരാണ് ഞങ്ങള്‍. അനുഭവങ്ങള്‍ ഞങ്ങള്‍ക്കും കാഴ്ചകള്‍ കാണികള്‍ക്കും ഈ വിഷയത്തില്‍ തെളിവാണ്. പറഞ്ഞു വന്നത് ഞങ്ങള്‍ ചിന്തിച്ചത് കോഴിക്കോട് നഗരത്തില്‍ എവിടെയാവും ഈ പള്ളി എന്നായിരുന്നു. ഇന്നത്തെ സ്ഥിതിയില്‍ കോഴിക്കോട് നഗരത്തില്‍ കാല്‍ ലക്ഷം പേര്‍ക്ക് ഒരുമിച്ചു നിസ്കരിക്കാന്‍ സൌകര്യം പിന്നെ മറ്റു അനുബന്ധ സൌകര്യങ്ങളും എല്ലാം കൂടി കുറച്ചു സ്ഥലം വേണമല്ലോ .... അതെവിടെയാകും എന്നായിരുന്നു...? വെറും കാശു മാത്രം കയ്യിലുണ്ടായാല്‍ അത് നടക്കുമെന്ന് വിമര്‍ശകര്‍ പോലും പറയില്ല. അതാണ് ശ്രദ്ധേയന്‍ തന്റെ കരിനാക്ക് വളച്ചു തുടങ്ങിയപ്പോള്‍ തന്നെ ആദ്യം പറഞ്ഞു തുടങിയത് കാണുക.
@@@@ശ്രദ്ധേയന്‍ പറയുന്നു: കേരളത്തിലെ ഏറ്റവും മികച്ച സംഘാടനാപാടവം ഉള്ള മുസ്‌ലിം നേതാവ് ആരാണെന്ന് ചോദിച്ചാല്‍ രണ്ടു വട്ടം ആലോചിക്കാതെ ഞാന്‍ പറയുന്ന പേര് കാന്തപുരം അബൂബക്കര്‍ മുസല്ല്യാരുടെതായിരിക്കും. കാരന്തൂരിലെ ചതുപ്പുനിലത്തെ പടുകൂറ്റന്‍ വിദ്യാഭ്യാസ സമുച്ചയമാക്കി പരിവര്‍ത്തിപ്പിച്ചതിന്റെ പരിണാമ ശാസ്ത്രം മാത്രം പഠിച്ചാല്‍ മതി, കാന്തപുരം ഉസ്താദിന്റെ നേതൃപാടവം അംഗീകരിക്കാന്‍. കേരളമൊട്ടുക്കും ഇപ്പോള്‍ കേരളത്തിനു പുറത്തും പള്ളികളും സ്കൂളുകളും കുടിവെള്ള പദ്ധതികളുമൊക്കെയായി അദ്ദേഹം തന്റെ സേവനപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തികൊണ്ടിരിക്കുകയാണ്.@@@@
അപ്പോള്‍ അതാണ് കാര്യം , പണം മാത്രമല്ല , ഏറ്റവും മികച്ച സംഘടനാ പാടവം . അത് കാന്തപുരം ഉപയോഗിച്ചത് മുഴുവനും ഈ സമുദായത്തിന് വേണ്ടി തന്നെയാണ്. അതിനൊരു മറുപുറം പറയാന്‍ വിമര്‍ശകര്‍ക്ക് കഴിയുമോ...?
ഇത് കണ്ടു ആരും ഞെട്ടണ്ട , കരിനാക്കന്‍ വിഷം കലര്‍ത്താന്‍ വേണ്ടി എടുത്തുവെച്ച പാലാണിത്. ഇതൊരു ശൈലി ആണ് “വെടക്കാക്കി തനിക്കാക്കുക” എന്ന് കേട്ടിട്ടില്ലേ .അതിന്റെ നേരെ വിപരീതം “നന്നാക്കി വെടക്കാക്കുക”. അല്ലാതെ നിങ്ങളാരെങ്കിലും വിചാരിച്ചോ ശ്രദ്ധേയന് ചില കാര്യങ്ങളിലെങ്കിലും കാന്തപുരത്തിനോട് മുഹബ്ബത്തായിരുന്നെന്നു. മൂപ്പരെ വഹാബീ മുഖം കാണണമെങ്കില്‍ കോട്ടക്കല്‍ തീവ്ര വൈദ്യ ശാല വരെ ഒന്ന് പോയാ മതി .
@@@@ ശ്രദ്ധേയന്‍ : 'ശഅ‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ് ' എന്ന് പേര് വെച്ചിട്ടുള്ള പ്രസ്തുത പള്ളിയില്‍ ഇരുപത്തി അയ്യായിരം പേര്‍ക്ക് നിസ്കരിക്കാനുള്ള സൗകര്യം ഉണ്ടാവും. ആയിരത്തി ഇരുന്നൂറു പേര്‍ക്ക് താമസിക്കാനുള്ള സൌകര്യവും ലൈബ്രറി, സെമിനാര്‍ ഹാള്‍ എന്നിവയും പ്രത്യേകതകളാണ്. ഒരു സാംസ്കാരിക സമുച്ചയം എന്ന നിലവാരത്തിലേക്ക് പ്രസ്തുത പള്ളി ഉയരും എന്നാണ് പ്രതീക്ഷ.@@@@
ഇങ്ങിനെ ഒരു നല്ല പ്രതീക്ഷയില്‍ തുടങ്ങുന്ന ശ്രധേയന്റെ കരിനാക്ക് പെട്ടന്നുതന്നെ വളയുന്നത് കാണുക .@@@@ --- എന്താണീ കേശത്തിന്റെ ആധികാരികത? മക്കയിലും മാദീനയിലും ഇല്ലാതെ പോയ ഒരു 'കേശപൂജാകേന്ദ്രം' കോഴിക്കോട്ടു തുടങ്ങുന്നതിന്റെ ഉദ്ദേശ്യമെന്താണ്?@--- തൊഴുതു ചുംബിച്ചു പ്രാര്‍ഥിച്ചു നില്‍ക്കുന്ന ഒരു ബഹുദൈവ സമൂഹത്തിന്റെ സൃഷ്ടിപ്പല്ലേ ഇവിടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കാന്‍ പോകുന്നത്?@ ബിംബാരാധകരെ കൊണ്ട് തന്നെ ബിംബങ്ങള്‍ തച്ചുടപ്പിച്ചയാളാണ് പരിശുദ്ധ പ്രവാചകന്‍. ആ പ്രവാചകന്റെ പേരില്‍ തന്നെ ഒരു 'കേശ ബിംബം' ഉയരുമ്പോള്‍ പ്രതിഷേധിക്കാതിരിക്കാനാവില്ല @ ഗ്രാണ്ട്മോസ്കില്‍ 'കേശപൂജ' തുടങ്ങുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ 'അജ്മീരായി' കോഴിക്കോട് മാറിയേക്കാം.@@@@
തിരുനബി (സ്വ) തങ്ങളെ കേവലം സാധാരണ മനുഷ്യനായി കാണുകയും തിരു ശേഷിപ്പുകളെ പരിഹസിക്കുകയും ചെയ്യുന്ന വഹാബീ മുഖത്തിന്റെ ഭാഗമാണ് ഈ ശ്രദ്ധേയനും. ഇസ്ലാമിക പാരമ്പര്യം മുറുകെ പിടിച്ചു തിരു നബി തങ്ങളെയും അവിടത്തെ തിരു ശേഷിപ്പുകളെയും ആദരിക്കുകയും , ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ബഹുകോടി മുസ്ലിം സമൂഹത്തെ ശിര്‍ക്കിന്റെയും കുഫ്രിന്റെയും അന്ധവിശ്വസത്തിന്റെയും ആലയില്‍ കൊണ്ട് പോയി കെട്ടാനാണ് ഇവര്‍ ശ്രമിക്കുന്നത്. മുസ്ലിം സമൂഹത്തില്‍ ആദരവും ആരാധനയും കൂട്ടി കുഴച്ചു അവരുടെ മേല്‍ ശിര്‍ക്കിന്റെ മാലയിട്ടു കൊടുക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന മുജാഹിദുകള്‍ ക്ക് ഒരിക്കലും ബര്ഖതുള്ള ഒരു പ്രവാചകനെയോ , തിരുശേഷിപ്പുകളാല്‍ പുണ്യം നേടുന്ന ഒരു സമൂഹത്തെയോ സങ്കല്‍പ്പിക്കാന്‍ കഴിയില്ല . പ്രവാചകനെ ഒരു കേവലം “മയമാക്ക” യും “ അറബി പയ്യനും” മാത്രമായി കാണുന്ന ഇവര്‍ക്കെങ്ങിനെ പ്രവാചകനെ സ്നേഹിക്കാന്‍ കഴിയും. സ്നേഹ ഭാജനത്തിനെ നന്മകള്‍ , പ്രകീര്‍ത്തനങ്ങള്‍ എടുത്തു പറയുക എന്നത് സാധാരണ ജീവിത ത്തില്‍ പോലും ലളിത മായാ കാര്യമാണ്. എന്നാല്‍ പ്രവാചകന്‍ ജനിച്ച പുണ്യ മാസം പോലും നെഞ്ചെരിക്കുന്ന ഒര്മയകുന്ന വാഹാബിസത്തിനു തിരു കേശത്തില്‍ പുണ്യം കാണാന്‍ എങ്ങിനെ കഴിയും. സുന്നികള്‍ തിരു കേശത്തെ ആദരിക്കുന്നു, ബഹുമാനിക്കുന്നു, അതിട്ട വെള്ളം കുടിക്കുന്നു, അതിലൂടെ പുണ്യം നേടാന്‍ ആഗ്രഹിക്കുന്നു. ഈ ആദരവിനെ ഏക ഇലഹായ അല്ലാഹുവിനു മാത്രം നല്‍കേണ്ട ആരാധനയക്കാനാണ് മുജാഹിദുകള്‍ ശ്രമിക്കുന്നത്. കഅബ ശരീഫിലെ ഹജറുല്‍ അസ് വദ് എന്ന കല്ലിനെ മുസ്ലിംകള്‍ ചുംബിക്കുന്നത് , അല്ലെങ്കില്‍ അതുള്‍ കൊളളുന്ന കഅബയേ വലം വെക്കുന്നത് ഒരിക്കലും അവയെ ആരാധിക്കലല്ല. അങ്ങിനെ പറയാന്‍ ശ്രദ്ധേയന് കഴിയുമോ ...ഇല്ല , പറഞ്ഞാല്‍ ബൂലോകത്തെ നിരീശ്വര വാദികളുടെ നേതാവായ ജമ്പാര്‍ മാസ്റ്റര്‍ക്ക് കൊടുത്ത മറുപടി വെള്ളത്ത്തിലാകില്ലേ. .....ശ്രദ്ധേയാ ....ഇനിയെങ്കിലും ഒന്ന് പടിക്കുക , അല്ലെങ്കില്‍ , കഅബയെ ആരാധിക്കുന്നു, നബിയെ ആരാധിക്കുന്നു, ഹജറുല്‍ അസ് വദ്, സഫ –മര്‍ വ , ഖുര്‍- ആന്‍, റമളാന്‍, അങ്ങിനെ തുടങ്ങി എല്ലായിടത്തും പ്രശ്നമാകും ആരാധനയും ആദരവും കൂട്ടി കുഴച്ചാല്‍ ...ബ്ളോഗില്‍ കമന്റു എഴുതണ്ടേ നമുക്ക്.
ഇനി തിരുനബി കേശത്തിലേക്ക് :
@@@@ ശ്രദ്ധേയന്‍ പറയുന്നു -- ആയിരത്തി നാനൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇഹലോകവാസം വെടിഞ്ഞ പ്രവാചകന്റെ 'ഒരു മുടി' എങ്ങിനെ ഉസ്താദിന്റെ അധീനതയില്‍ വന്നു എന്നതാണ് ചോദ്യമെങ്കില്‍, ഉത്തരം അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് എന്നയാളാണ് ഇത് കൈമാറിയത് എന്നതും @@@
ശ്ശോ... ഇതെന്തേ ഒന്ന് മുഴുമിക്കാതിരുന്നത്..
ഹജ്ജത്തുല്‍ വിദാഇന്റെ വേളയില്‍ തിരുനബി (സ്വ) മുടി നീക്കിയപ്പോള്‍ അബൂ ത്വല്‍ഹതു എന്ന അന്സാരിയായ സ്വഹാബി അത് വിതരണം ചെയ്യുകയും അതില്‍ നിന്നല്പം പലരിലെന്ന പോലെ ഉമ്മു സുലൈം (റ) യുടെ കൈവശം വരികയും ചെയ്തു. ഇന്ന് ജീവിക്കുന്ന അറബികള്‍ പോലും അമീറുല്‍ അന്‍സാര്‍ എന്ന് വിളിക്കുന്ന ഡോ: ശൈഖ് അഹമ്മദ് ഖസ്‌റജിന്റെ പിതാമഹി ആണ് ഉമ്മു സുലൈം (റ). അതായതു പരമ്പരാഗതമായി അവരുടെ കൈവശം വന്നതില്‍ നിന്നാണ് ഖസ്‌റജ് കുടുംബം ഇപ്പോള്‍ മര്കസിനു നല്കിയിരിക്കുനതു. ആരും കാണാതെ ഒരൊഴിഞ്ഞ മൂലയില്‍ വെച്ചല്ല ഈ കൈമാറ്റം നടന്നത്. കേരളത്തിലെ സുന്നി മുസ്ലിയാക്കന്മാര്‍ മാത്രം ഇരിക്കുന്ന വേദിയിലുമല്ല . കഴിഞ്ഞ മര്‍കസ്‌ സമ്മേളനത്തില്‍ വെച്ച് പതിനായിരക്കണക്കിനു വിശ്വാസികളെ സാക്ഷി നിര്‍ത്തി അബൂദാബിയിലെ ഡോ: ശൈഖു അഹമ്മദു ഖസ്‌റജ് തന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചു പോന്ന തിരു കേശം ബഹു കാന്തപുരം ഉസ്താദിന് നല്‍കുമ്പോള്‍ ആ സദസ്സില്‍ സ്വദേശത്തും വിദേശത്തും ഉള്ള നിരവധി മഹാ പണ്ഡിതന്മാര്‍ ഉണ്ടായിരുന്നു . ഈജിപ്തിന്റെ ഗ്രാന്‍ഡ്‌ മുഫ്തി ഷെയ്ഖ്‌ അലി ജുമാ , മക്കയിലെ പ്രമുഖ പണ്ഡിതന്‍ ഡോ.ഉമര്‍ കാമിലി തുടങ്ങിയവര്‍ ത്വലഅല്‍ ബദര് അലൈനാ ...മിന്‍ സനിയ്യാത്തില്‍ വിദായി എന്നാ പ്രകീര്‍ത്തനം അലപിച്ചതിനെ സ്വാഗതം ചെയ്തതിനു വിശ്വാസികളെത്ര സാക്ഷി. തിരുകേശത്തിന്റെ ആധികാരികതയില്‍ അവര്‍ക്കാര്‍ക്കും സംശയം ഇല്ലാത്ത കാലത്തോളം തിരുനബി തങ്ങളെ ജീവനെക്കാളെറെ സ്നേഹിക്കുന്ന സുന്നികള്‍ക്കും അതുണ്ടാവില്ല .
ഇനി തിരുകേശം ; അത് സൂക്ഷിച്ചുവെക്കല്‍ , അതിനെ ആദരിക്കല്‍ ,ബര്‍ക്കത്തെടുക്കല്‍, തുടങ്ങിയ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്താല്‍ തീരില്ല. ശ്രദ്ധെയാനോ മറ്റാര്‍ക്കോ അതില്‍ സംശയം ഉണ്ടെങ്കില്‍ അതും മറ്റൊരു പോസ്റ്റില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്.
കാന്തപുരവും ശഅറെ മുബാറക്‌ ഗ്രാന്‍ഡ്‌ മസ്ജിദും.
നിര്‍മാണത്തിന് മുന്നേ തന്നെ കോഴിക്കോട്ടെ ഈ നിര്‍ദിഷ്ട മസ്ജിദു വാര്‍ത്തകളില്‍ ഇടംപിടിച്ചു. അതിന്റെ രൂപവും , ചിലവാകുന്ന തുകയും കൊണ്ട് മാത്രമല്ല അത്. തിരുനബി (സ്വ) തങ്ങളുടെ തിരുകേശത്തിന്റെ സൂക്ഷിപ്പ് അവിടെയാണ് എന്നത് കൊണ്ടാണ് അത്. പള്ളി ഇനി എത്ര വലുതായാലുംആഡംബര മുറ്റിയതായാലും അതിനെ കുറിച്ച് വല്ലാതെ ചര്‍ച്ചക്ക് ആരും നില്കില്ല. നിലവില്‍ അഞ്ചോളം ജുമുഅത് പള്ളികള്‍ ഉണ്ടായിരിക്കുംപോഴാണ് കൊണ്ടോട്ടി ടൌണില്‍ മസ്ജിദുല്‍ ഫത്ഹ് എന്നാ പേരില്‍ ഒരു പള്ളി കാന്തപുരം തന്നെ നിര്‍മിക്കുന്നത്. അന്നതിനെ എന്റെ പിതാവിന്റെ ബന്ധത്തില്‍ പെട്ട ജമാഅത്തെ ഇസ്ലാമിയുടെ ആളും കൊണ്ടോട്ടിയില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യുന്ന വ്യക്തി ‘എന്തിനാണ് ഇത്ര വലിയ പള്ളി. ഇതിനൊക്കെ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരില്ലേ എന്ന് പറഞ്ഞു വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ പള്ളി ഉത്ഘാടനം കഴിഞ്ഞ റമളാനില്‍ തന്നെ പള്ളിയുടെ മൂന്നു നിലയും നിറഞ്ഞു പുറത്തും ആളുകള്‍ നിസ്കരിക്കാന്‍ നില്‍കുന്നത് പള്ളിയുടെ തൊട്ടടുത്തുള്ള ഡോക്ടര്‍ക്ക് കാണേണ്ടി വന്നു. കോണ്ടോട്ടിയില്‍ ഇന്നും ആ സ്ഥിതി തുടരുന്നു. ഒരു കൊണ്ടോട്ടി പള്ളിയുടെ മാത്രമല്ലിത്. അങ്ങിനെയിരിക്കെ കാല്‍ ലക്ഷം ആളുകളെ തേടി ആരും പരക്കം പയെണ്ടാതില്ല .
പിന്നെ മസ്ജിന്റെ വലിപ്പവും സൗന്ദര്യവും ഉദ്യാനവും. ഇന്ന് ഇന്ത്യയുടെ തന്നെ മുഖമായി തല ഉയര്‍ത്തി നില്‍ക്കുന്ന സമുച്ചയങ്ങള്‍ ഏറെയും നിര്മിക്കപെട്ടത്‌ മുഗള്‍ ഭരണ കാലത്താണ്. ദല്‍ഹി ജുമാ മസ്ജിദു, ചെങ്കോട്ട , താജ് മഹല്‍ എന്നിവയെല്ലാം അക്കാലത്തെ നിര്മിതകളാണ്. ഇന്ത്യയില്‍ നിന്നെണ്ണപെടുന്ന ലോകത്ഭുതമായ താജ്മഹല്‍ നിര്മിക്കപെട്ടത്‌ ഒരു സ്നേഹ പ്രതീകമായാണ്. ഇവിടെ തങ്ങളുടേതായ എല്ലാതിനെക്കളും പ്രവാചകനെ സ്നേഹിക്കുന്ന , ആദരിക്കുന്ന ബഹുമാനിക്കുന്ന , സുന്നി സമൂഹവും അവര്‍ക്ക് നേത്രത്വം നല്‍കുന്ന കാന്തപുരമെന്ന ആശിഖു റസൂലും തങ്ങളുടെ കൈവശം വന്നു ചേര്‍ന്ന ഈ മഹാ സൌഭാഗ്യത്തെ സൂക്ഷിക്കുവാന്‍ അതിനു യോജിച്ച , രൂപത്തിലുള്ള ഒരു എടുപ്പ് എടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിലെന്തു തെറ്റ്. ഈ പള്ളിയില്‍ സൂക്ഷിക്കപെടാന്‍ പോകുന്ന നബിയുടെ തിരുകേശം തന്നെയാണ് എല്ലാവരുടെയും ഉറക്കം കെടുത്തുന്നത്. കാരണമെന്തെന്നാല്‍ ഒരു യഥാര്‍ത്ഥ തിരുശേഷിപ്പ് അത് അതിനേറ്റവും അര്‍ഹമായ വ്യക്തിയുടെ, അല്ലെങ്കില്‍ സ്ഥലത്തെ അത് ചെന്ന് ചേരുകയുള്ളൂ. എന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. അപ്പോള്‍ എന്തായാലും കാന്തപുരത്തിന്റെ വിമര്‍ശകര്‍ ആ മുടിയുടെ ആധികാരികതയെ എത്ര വിശ്വസിനീയമായ തെളിവ് ലഭിച്ചാലും അംഗീകരിക്കുകയില്ലെന്ന് ഉറപ്പാണ്‌.
കോഴിക്കോട്ട് നാല്‍പതു കോടി രൂപ ചിലവില്‍ ഈ പള്ളി നിര്‍മിക്കുമെന്ന് കേട്ടപ്പോഴേക്കും പാവപ്പെട്ടവരെ കുറിച്ചും , വീടില്ലത്തവരെ കുറിച്ചും, രോഗികളായി ചികത്സ കിട്ടാതെ മരിക്കുന്നവരെകുരിച്ചും , മറ്റും വേദനിക്കുന്നവരോടോന്നു ചോദിച്ചോട്ടെ. ഒരു യതീമിന് പോലും ഒരു നേരത്തെ ഭക്ഷണം നല്കതവരാണോ...ആയിരത്തിലേറെ യതീം കുട്ടികള്‍ക്ക് ഭക്ഷണവും , വസ്ത്രവും, വിദ്യാഭ്യാസവും,ഉപരി പഠനത്തിനുള്ള സൌകര്യം അങ്ങിനെ വേണ്ടതെല്ലാം നല്‍കി വളര്‍ത്തുന്ന കാ ന്തപുരത്തിനെയാണോ വയനാട്ടില്‍ പട്ടിണി കിടക്കുന്നവനുടെന്നു പറഞ്ഞു വിമര്‍ശിക്കുന്നത്. കേരളത്തിലുടനീളം പള്ളികളും മദ്രസകളും സ്കൂളുകളും കോളജുകളും നിര്‍മിക്കുകയും ചെയ്യുകയും നേത്രത്വം കൊടുക്കുകയും ചെയ്യുന്ന കന്തപുരത്തിനെയാണോ ഒരു മദ്രസ നിര്‍മിച്ചു ഈ സമുദായത്തിനു നല്‍കാന്‍ കഴിയാത്തവര്‍ വിമര്‍ശിക്കുന്നത്. കാന്തപുരത്തിനെ നേത്രത്വത്തില്‍ വീടുകള്‍ നിര്മിക്കപെടുന്നുണ്ട്, പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം ചെയ്തയ്ക്കപ്പെടുന്നു. ഇന്ന് കാന്തപുരത്തിന്റെ സേവനം ഈ കേരളത്തില്‍ മാത്രമല്ല കിട്ടുന്നത്. അതെല്ലാം അറിയണമെങ്കില്‍ ഈ വിമര്‍ശനത്തിറെ കണ്ണട അല്പനേരത്തേക്ക് മാറ്റിവെക്കുക. എന്നിട്ട് കാന്തപുരത്തെ ഒന്ന് പഠിക്കുക
ഞാനോര്‍ത്തു പോകുന്നു എന്തൊരു അമുസ്ലിം സുഹ്ര്ത്ത് പറഞ്ഞത്, കാന്തപുരത്തിനെ പോലെ ഒരു നേതാവിനെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ് , ഈ വിഭാഗീയതകളെല്ലാം മറന്നു എല്ലാ മുസ്ലിംകളും ശക്തമായ പിന്തുണ കാന്തപുരത്തിന് നല്കിയിരുന്നെകില്‍ ഇപ്പോഴത്തെ സ്ഥിതി ആയിരിക്കില്ല നിങ്ങള്‍ക്കെന്നു.

4 അഭിപ്രായങ്ങൾ:

  1. മൌലവി .. ആദരവും ആരാധനയും തമ്മിലുള്ള വ്യത്യാസം മുന്നില്‍ തലേക്കെട്ടി ഇരിക്കുന്ന കാക്കമാര്‍ക്കും മൂക്കലയോലിപ്പിച്ച കുഞ്ഞുങ്ങളെ എളിയില്‍ വെച്ച് വരുന്ന പാമര സ്ത്രീജനങ്ങള്‍ക്കും മനസ്സിലാവുമോ എന്തോ ?.ഏതായാലും ഇതും കൂടി വായിചു നോക്ക്..
    http://www.pulari.co.in/2011/02/blog-post_15.html

    http://chipism.blogspot.com/2011/02/blog-post.html

    http://www.muktharuda.co.cc/2011/02/blog-post_09.html

    http://chithrakarans.blogspot.com/2011/02/grand-mosque-kozhikode.html

    മറുപടിഇല്ലാതാക്കൂ
  2. വിഗ്രഹാരാധന പാടില്ലെന്ന് പറഞ്ഞവര്‍ മുടി ആരാധിക്കാമെന്ന് പറഞ്ഞിട്ടുണ്ടോയെന്ന് ഒരു സംശയം.

    മറുപടിഇല്ലാതാക്കൂ
  3. ഈ മുടിക്ക് വല്ല സനദുമുണ്ടോ? ഉണ്ടെങ്കിലതിവടെയൊന്ന് പോസ്റ്റ് ചെയ്യാമോ?

    മറുപടിഇല്ലാതാക്കൂ
  4. വളരെ നന്നായിരിക്കുന്നു ഈ മറുപടി.. ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ

ഹസനിയ്യയിലെ അതിഥികള്‍